ജിദ്ദ: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹജ്ജിന് വിദേശ തീർത്ഥാടകർക്ക് അവസരമുണ്ടാവില്ല. പകരം കഴിഞ്ഞ വർഷത്തെപ്പോലെ സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും മാത്രമായിരിക്കും ഇത്തവണയും ഹജ്ജ് ചെയ്യാൻ അവസരമുണ്ടാവുക.

ആകെ 60,000 പേർക്ക് ഇത്തവണ ഹജ്ജ് ചെയ്യാൻ അനുമതിയുണ്ടാകുമെന്നാണ് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചിരിക്കുനന്ത്. രണ്ട് ഡോസ് കോവിഡ് വാക്‌സിനും സ്വീകരിച്ച 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായിരിക്കും അനുമതിയെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയിൽ താമസിക്കുന്നവർക്ക് ഹജ്ജ് - ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഹജ്ജിനായി ഓൺലൈൻ അപേക്ഷ നൽകാനാവും.

ലോകത്തുടനീളമുള്ള കോവിഡ് മഹാമാരിയുടെ വ്യാപനവും വികാസവും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞ വർഷവും വിദേശ തീർത്ഥാടകർക്ക് അനുമതി ഉണ്ടായിരുന്നില്ല. സൗദി പൗരന്മാരും താമസക്കാരുമായ 1000 പേർക്കായി ഹജ്ജ് ചുരുക്കിയിരുന്നു. സാധാരണഗതിയിൽ ഹജ്ജിൽ പങ്കെടുക്കുന്ന മുന്നിൽ രണ്ടുപേരും 160 രാഷ്ട്രങ്ങളിൽ നിന്നുള്ളവരായിരുന്നു. മൂന്നിലൊന്ന് പേർ സൗദി സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ ജീവനക്കാരുമായിരുന്നു. ഈ വർഷം ഹജ്ജ് തീർത്ഥാടനം ജൂലൈ മധ്യത്തോടെയാണ് തുടങ്ങുക