ബെർലിൻ: അഭയാർഥി പ്രവാഹത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ടാക്‌സ് വർധിപ്പിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ചാൻസലർ ഏഞ്ചല മെർക്കൽ. അനിയന്ത്രിതമായ അഭയാർഥി പ്രവാഹത്തെ നേരിടുന്നതിനായി ജർമനിയും യൂറോപ്യൻ കമ്മീഷനും സ്‌പെഷ്യൽ റെഫ്യൂജി സോളിഡാരിറ്റി ലെവി ചുമത്തിയേക്കുമെന്നായിരുന്നു മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്ത. എന്നാൽ ഇത്തരത്തിലുള്ള യാതൊരു വിധ നികുതിയും ചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് ചാൻസർ വ്യക്തമാക്കിക്കഴിഞ്ഞു.

അഭയാർഥി പ്രവാഹത്തിന്റെ പശ്ചാത്തലത്തിൽ യാതൊരു വിധത്തിലുമുള്ള ടാക്‌സ് വർധന നടപ്പാക്കില്ല. ടാക്‌സ് വർധിപ്പിച്ച് പ്രതിസന്ധി നേരിടാൻ തക്ക സാഹചര്യമൊന്നും ജർമനിയിലില്ലെന്നും രാജ്യത്തിന്റെ സമ്പദ് ഘടന കരുത്തുറ്റതാണെന്നും മെൽക്കൽ വെളിപ്പെടുത്തി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരത്തിൽ സമ്പദ് ഘടനയെ രൂപപ്പെടുത്തി വരികയായിരുന്നുവെന്നും ചാൻസർ പറയുന്നു.

ഇന്ധന വില വർധിപ്പിച്ചോ, വസ്തുക്കൾക്ക് വാറ്റ് ഏർപ്പെടുത്തിയോ നിലവിലുള്ള അഭയാർഥി പ്രതിസന്ധി നേരിടാൻ ബെർലിനും ബ്രസൽസും ഒരുങ്ങുന്നു എന്നായിരുന്നു ചില മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ വാർത്ത നിഷേധിച്ചു കൊണ്ട് പിറ്റേന്ന് തന്നെ ബെർലിൻ വക്താവ് രംഗത്തെത്തിയിരുന്നു. യൂറോപ്യൻ കമ്മീഷൻ വക്താവും വാർത്തയ്ക്ക് നിഷേധക്കുറിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.