- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷ്യകിറ്റ് നിർത്തലാക്കുന്നുവെന്ന പ്രചരണം തള്ളി മന്ത്രി ജി.ആർ അനിൽ ; നീക്കം കിറ്റ് മുൻഗണന വിഭാഗത്തിന് മാത്രമാക്കാനെന്നും വിശദീകരണം; കിറ്റ് വിതരണം ചെയ്തതിൽ സാമ്പത്തിക ബാധ്യത ഉണ്ടെന്നും മന്ത്രി
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രം കിറ്റ് നൽകിയാൽ മതിയെന്ന നിർദ്ദേശം പരിഗണിക്കുന്നുണ്ട്. ഇതുവരെ കിറ്റ് വിതരണം ചെയ്തതിൽ സാമ്പത്തിക ബാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക ബാധ്യത അടക്കമുള്ളവ കണക്കിലെടുത്തുകൊണ്ട് ആവശ്യമായ തീരുമാനങ്ങളെടുക്കും. സർക്കാർ എല്ലാ ജനങ്ങളേയും ഒരുപോലെ കണ്ടുകൊണ്ടാണ് കോവിഡിന്റെ അന്തരീക്ഷത്തിൽ പട്ടിണി ഒഴിവാക്കാനായി കിറ്റ് വിതരണം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ഏപ്രിൽ - മെയ് മാസങ്ങളിലാണ് സൗജന്യ കിറ്റ് നൽകിത്തുടങ്ങിയത്. സാർവത്രിക ഭക്ഷ്യക്കിറ്റ് വിതരണം വലിയ ശ്രദ്ധ നേടി. ഉയർന്ന വരുമാനക്കാർ ഉൾപ്പെടെ കിറ്റ് വാങ്ങിയിരുന്നു. തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്ക് ഇതു സഹായിക്കുകയും ചെയ്തു. അന്നുമുതൽ ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം ചെയ്തത്. ഏതാണ്ട് 11 കോടി കിറ്റുകൾ നൽകി. മാസം ശരാശരി 350-400 കോടി രൂപയാണ് ചെലവിട്ടത്. 11 കോടി കിറ്റുകൾക്കായി 5200 കോടി രൂപ ചെലവിട്ടു.
കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സർക്കാർ അവസാനിപ്പിച്ചതായുള്ള വിവരം പുറത്തുവന്നിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ചതിനാലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലും ഇനിയും കിറ്റ് നൽകുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ