ദുബായ്: ദുബായിലെ വ്യാപാരസ്ഥാപനങ്ങളിലെ വ്യാപകമായി പ്‌ളാസ്റ്റിക് അരി വിൽക്കപ്പെടുന്നുവെന്ന വാർത്ത നിഷേധിച്ച് ദുബായ് മുനിസിപ്പാലിറ്റി. കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യൽ മീഡിയയിലാണ് ഇത്തരമൊരു പ്രചരണം സജീവമായത്. ഇത് തികച്ചും ഭാവനാപരമായ ഒരു പ്രചരണം മാത്രമാണെന്ന് മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി.

എമിറേറ്റ്‌സിലെ മാർക്കറ്റിലെ എല്ലാ ഭക്ഷ്യവസ്തുക്കളുടേയും പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മറിച്ചുള്ള പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും ദുബായ് മുനിസിപ്പാലിറ്റി ഫുഡ് സേഫ്റ്റി ഡിപ്പാർട്ടുമെന്റ് ഡയറക്ടർ അൽ ബസ്തകി വ്യക്തമാക്കി.

ദുബായിലെ മാർക്കറ്റുകളിൽ ലഭ്യമായ എല്ലാ ഇനം അരിയും സ്വാഭാവിക ഇനങ്ങൾ തന്നെയാണ്. ഉയർന്നതും കുറഞ്ഞതുമായ നിലവാരമുള്ള അരികൾ എത്തുന്നുണ്ട്. എന്നാൽ അവയെല്ലാം നിർദിഷ്ട നിലവാരം പുലർത്തുന്നവയാണ് - അദ്ദേഹം വ്യക്തമാക്കി.

പ്‌ളാസ്റ്റിക് അരി എത്തിയാൽ അത് എളുപ്പം കണ്ടുപിടിക്കപ്പെടും എന്നിരിക്കെ അതിന് സാധ്യത തീരെയില്ല. അരി വേവിക്കുമ്പോഴോ എണ്ണയോ വെണ്ണയോ ചേർത്ത് പാചകം ചെയ്യുമ്പോഴോ അത് എളുപ്പം മനസ്സിലാക്കാനാകും. എന്നാൽ അത്തരം സംഭവങ്ങളൊന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുമില്ല. അതിനാൽ തന്നെ ഇത്തരം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ജനങ്ങൾ പിൻതിരിയണമെന്നും മുനിസിപ്പൽ അധികൃതർ അഭ്യർത്ഥിക്കുന്നു.

ഇത്തരം പ്രചരണങ്ങളെ തടയുന്നതിന് മുനിസിപ്പാലിറ്റി ഓൺലൈൻ ഇടപെടലുകളും നടത്തുന്നുണ്ട്. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും ഇക്കാര്യത്തിൽ ഉള്ള വിശദീകരണം പുറത്തുവന്നു.

പ്‌ളാസ്റ്റിക് അരിയെന്നതുപോലെ ഉള്ള കുപ്രചരണങ്ങളിൽ ഉപഭോക്താക്കൾ വീഴരുതെന്ന് സന്ദേശത്തിൽ പറയുന്നു. ആഹാര സംബന്ധിയായ വിഷയങ്ങളിലെ സംശയങ്ങൾ ദൂരീകരിക്കാനായി 800900 എന്ന നമ്പരിൽ വിളിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.