ന്യൂഡൽഹി: ആധാർ കാർഡും തിരിച്ചറിയൽ കാർഡും പാൻ കാർഡുമുണ്ടെങ്കിൽ അപേക്ഷിച്ചാലുടൻ പാസ്‌പോർട്ട് ലഭ്യമാക്കുമെന്നു കേന്ദ്രം. പൊലീസ് വെരിഫിക്കേഷൻ നടപടികളാൽ വലയുന്ന അപേക്ഷകർക്കു തുണയാകുന്നതാകും പുതിയ നടപടി. 

പാസ്പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി ലഘൂകരിക്കുമെന്നു വ്യക്തമാക്കിയാണു കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ഇക്കാര്യം അറിയിച്ചത്. ആധാർ, തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് , എന്നിവയുടെ പകർപ്പ് സഹിതം പാസ്പോർട്ടിന് അപേക്ഷിച്ചാൽ ഉടൻ പാസ്പോർട്ട് ലഭ്യമാക്കും.

പൊലീസ് പരിശോധന മൂലം പാസ്പോർട്ട് താമസിക്കുന്നുവെന്നു നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും സുഷമാ സ്വരാജ് പറഞ്ഞു. വിവിധ രേഖകൾക്കൊപ്പം പാസ്സ്പോർട്ടിനുള്ള അപേക്ഷ സമർപ്പിച്ചതിന് ശേഷവും പൊലീസ് വെരിഫിക്കേഷന്റെ പേരിൽ നടപടിക്രമങ്ങൾ അനന്തമായി നീളുവെന്ന പരാതി നിലവിലുണ്ട്.

പാസ്പോർട്ട് അപേക്ഷയും രേഖകളുടെ സമർപ്പണവും ഓൺലൈനായി ചെയ്യാൻ സാധിക്കുമെങ്കിലും പൊലീസ് വെരിഫിക്കേഷൻ ഇപ്പോഴും പഴയ രീതിയിൽ തന്നെയാണ് നടക്കുന്നത്. ഓരോ സ്റ്റേഷനിലെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ അപേക്ഷകന്റെ വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം നൽകുന്ന റിപ്പോർട്ട് പരിഗണിച്ചാണ് പാസ്പോർട്ട് അനുവദിക്കുന്നത്. ഇത് ഏറെ കാലതാമസം വരുത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.