റോം: യെമനിൽ ഐഎസ് ഭീകരരുടെ തടവിലായിരുന്ന ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ പണം നൽകിയതായി അറിവില്ലെന്ന് വത്തിക്കാനിലെ സലേഷ്യൻ സഭ വ്യക്തമാക്കി. സലേഷ്യൻ സഭ റെക്ടർ മേജർ ഫാ.എയ്ഞ്ചൽ ഫെർണാണ്ടസാണ് ഇക്കാര്യം അറിയിച്ചത്.

 ഫാ.ടോമിന്റെ മോചനം സംബന്ധിച്ച പല കാര്യങ്ങളും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയവരുമായി ബന്ധം സ്ഥാപിക്കാനായെന്ന് അറിഞ്ഞിരുന്നു. പിന്നീട് ഫാ.ടോം മോചിപ്പിക്കപ്പെട്ട വിവരമാണ് അറിയുന്നത്. സലേഷ്യൻ സമൂഹത്തോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ല. മോചനത്തിനായി പണം നൽകിയെന്നതിനെക്കുറിച്ച് അറിവമില്ലെന്നും അദ്ദേഹം പറഞ്ഞു.ഫാ.ടോമിനെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള മടക്കമെന്നും അദ്ദേഹം അറിയിച്ചു.

ഫാ.ടോമിന്റെ മോചനത്തിന് കോടികൾ നൽകിയതായി വാർത്തകൾ പ്രചരിച്ചെങ്കിലും, കേന്ദ്ര സർക്കാർ അത് നിഷേധിച്ചിരുന്നു.നയപരമായ ഇടപെടലിലൂടെയാണ് വൈദികന്റെ മോചനം സാധ്യമാക്കിയത്. എന്നാൽ മോചനത്തിനു ശേഷം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി ഫാദർ ടോം ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം എന്നാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തുക എന്നതു സംബന്ധിച്ച് ഒന്നുമറിയില്ലെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രിവി.കെ.സിങ് മാധ്യമങ്ങളോട് പറഞ്ഞു.

 വത്തിക്കാനിലെ സെലേഷ്യൻ സഭാകേന്ദ്രത്തിലാണ് ഫാദർ ടോം ഇപ്പോഴുള്ളത്. ആരോഗ്യം വീണ്ടെടുക്കുംവരെ അദ്ദേഹം ഇവിടെ തുടരുമെന്നാണു വിവരം. ഫാ. ടോം ഉഴുന്നാലിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സലേഷ്യൻ സഭാ പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതിനിടെ, ഫാദർ ടോം കോട്ടയം രാമപുരത്തെ വീട്ടിലേക്കു വിളിച്ചു.സുരക്ഷിതനാണെന്നും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കുടുംബാംഗങ്ങളോട് അറിയിച്ചു.എന്നാൽ നാട്ടിലേക്ക് എന്നു വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.