മുന്തിരിവള്ളികൾ തളിർക്കാൻ വൈകും..! തിയേറ്റർ വിഹിതത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനായില്ല; ക്രിസ്മസിനു റിലീസിങ് ഇല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർസൽമാൻ ചിത്രങ്ങളുടെ റിലീസിങ് അനിശ്ചിതത്വത്തിൽ

കൊച്ചി: തിയറ്ററുകളിൽ നിന്നുള്ള വിഹിതം പങ്കുവയ്ക്കുന്നതിനെ ചൊല്ലി തിയറ്റർ ഉടമകളും സിനിമാ നിർമ്മാതാക്കളും തമ്മിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ക്രിസ്മസ് റിലീസുകൾ അനിശ്ചിതത്വത്തിലായി. തർക്കം പരിഹരിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ക്രിസ്മസിനു സിനിമകൾ റിലീസ് ചെയ്യേണ്ടെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുകയാണ്. നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. ഇതോടൊപ്പം 16നു ശേഷം പുതിയ സിനിമകളുടെ നിർമ്മാണം തുടരേണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പൃഥ്വിരാജ് ചിത്രം എസ്ര, ദുൽഖർ സൽമാൻ നായകനായ ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങൾ ക്രിസ്മസിന് റിലീസ് ചെയ്യാനാണു തീരുമാനിച്ചിരുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തോടെ ഈ ചിത്രങ്ങളുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം തമിഴ്, ഹിന്ദി റിലീസുകളെ തീരുമാനം ബാധിക്കില്ലെന്നാണ് സൂചന.

തിയറ്റർ വിഹിതത്തിന്റെ പകുതി വേണമെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ നിലപാട് സ്വീകരിച്ചതോടെയാണ് നിർമ്മാതാക്കൾക്കും തിയറ്ററുടമകൾക്കും ഇടയിൽ പ്രതിസന്ധി രൂക്ഷമായത്. ഏറെ നാളായി ഇതു സംബന്ധിച്ച് തർക്കം തുടരുന്നു. തിയറ്റർ വിഹിതത്തിന്റെ പകുതി തിയറ്ററുകൾക്ക് വേണമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും മുൻ ധാരണകളുടെ ലംഘനമാണെന്നും നിർമ്മാതാക്കളും വിതരണക്കാരും പറയുന്നു.

അതേസമയം, തങ്ങളുടെ ആവശ്യം പരിഗണിക്കുന്ന നിർമ്മാതാക്കളുമായി സഹകരിക്കാനാണ് എക്സിബിറ്റേഴ്സ് ഫെഡറേഷൻ തീരുമാനം.