മസ്‌ക്കറ്റ്: ഒമാനിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു വിവിധ മാർഗങ്ങളെക്കുറിച്ചു ചർച്ച നടന്നിരുന്നു. ഈ അവസരത്തിലാണ് വിദേശികൾ അയക്കുന്ന പണത്തിന് നിശ്ചിത ശതമാനം നികുതി ഈടാക്കുന്നതിനേക്കുറിച്ചും ആലോചനകൾ നടന്നത്. എന്നാൽ ഇത് വേണ്ടെന്ന് തീരുമാനിച്ചതായി ബോഷറിൽ നിന്നുള്ള മജ്‌ലിസ് ശൂറ അംഗം മുഹമ്മദ് ബിൻ സാലിം അൽ ബുസൈദിയെ ഉദ്ധരിച്ച് ഔദ്യോഗിക പത്രമായ ഒമാൻ ഒബ്‌സർവറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതു സംബന്ധമായ ചർച്ചകൾ അവസാനിച്ചതായും സാലിം അൽ ബുസൈദി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു നീക്കം ഇപ്പോൾ അജണ്ടയിലില്ലെന്ന് വിവിധ മണി എക്‌സ്‌ചേഞ്ച് അധികൃതർ വ്യക്തമാക്കി. മണി എക്‌സ്‌ചേഞ്ചുകൾക്ക് ഇക്കാര്യത്തിൽ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. വിദേശികൾ വീസ പുതുക്കുമ്പോൾ ശമ്പളത്തിന്റെ മൂന്നു ശതമാനം വീസാ ചാർജ് ഈടാക്കാനും നേരത്തെ ആലോചനകൾ നടന്നിരുന്നു.

മജ്‌ലിസ് ശൂറ അംഗമാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം മുന്നോട്ടുവച്ചത്. എന്നാൽ ഇതും വേണ്ടെന്ന് വച്ചു. കഴിഞ്ഞ വർഷം വിദേശികൾ ഒമാനിൽനിന്ന് അവരുടെ രാജ്യങ്ങളിലേക്ക് അച്ചത് 4,226 ബില്യൻ ഒമാനി റിയാലാണ്. മുൻ വർഷം ഇത് 3,961 ബില്യൻ ആയിരുന്നു. അതായത് ഇക്കാര്യത്തിൽ 6.7 ശതമാനം വർധയുണ്ടായെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നികുതി ഏർപ്പെടുത്താൻ ശ്രമം തുടങ്ങിയത്.

ചരിത്രത്തിൽ ആദ്യമായാണ് നാലു ബില്യനിലധികം തുക വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികൾ അയക്കുന്നതെന്ന് ബാങ്ക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.