ദോഹ: ഖത്തറിൽ പുതുതായി എത്തുന്ന വിദേശികൾക്ക് വൃക്കരോഗമുണ്ടെങ്കിൽ റസിഡന്റ്‌സ് പെർമിറ്റ് നിഷേധിക്കാനും അവരെ തിരിച്ചയയ്ക്കാനും ഖത്തർ മെഡിക്കൽ കൗൺസിൽ തീരുമാനം. രാജ്യത്തെ ആരോഗ്യസംവിധാനം തകരാറിലാകാതിരിക്കാനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചില പ്രത്യേക രോഗമുള്ളവർ രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നത്.

ഖത്തറിലേക്ക് എത്തുന്നവരുടെ ആരോഗ്യപരിശോധനയിൽ ടിബിയും ഹെപ്പറ്റൈറ്റീസ് സിയും ഉൾപ്പെടുത്താൻ കൂടി മെഡിക്കൽ കമ്മീഷൻ ആലോചിക്കുന്നുണ്ട്. വൃക്കയുടെ പ്രവർത്തനം പരിശോധിക്കുന്നത് കൂടി പരിഗണിക്കുന്നതോടെ അധികൃതർ പകർച്ചവ്യാധികൾക്ക് അപ്പുറത്തേയ്ക്കുള്ളവ കൂടി മെഡിക്കൽ പരിശോധനയിൽ ഉൾപ്പെടുത്തുകയാണ്. പ്രവാസികൾക്കിടയിൽ വൃക്ക രോഗങ്ങൾ കൂടുകയും ഡയാലിസിസ് ആവശ്യമായി വരുന്നതും കൂടുന്നുണ്ടെന്ന് ഹമദ് ജനറൽ ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. ഖത്തർ ജനതയുടെ 13 ശതമാനം പേർക്കും വൃക്ക രോഗങ്ങളുണ്ട്. വാർഷികമായി 250300 ഇടയിലുള്ളവർക്കും ഡയാലിസിസ് അനുഭവിക്കേണ്ടി വരുന്നുണ്ട്. നിലവിൽ വിദേശത്ത് നിന്നെത്തുന്നവർക്ക് റസിഡന്റ് പെർമിറ്റ് ലഭിക്കുന്നതിന് മുമ്പ് എച്ച്‌ഐവി, ക്ഷയം, ഹെപ്പറ്റൈറ്റിസ്ബി, സി, എന്നിവ പരിശോധിക്കേണ്ടതുണ്ട്.

ഇവ കൂടാതെ പുതുതായി എത്തുന്നവർക്ക് സിഫിലസ് എന്ന രോഗത്തിനും പരിശോധന നടത്തേണ്ടതുണ്ടെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് കൂട്ടിച്ചേർത്തും. സിഫിലസ് രോഗമുണ്ടെന്ന് കണ്ടെത്തുന്നവരെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കും. ഇന്ത്യ, നേപ്പാൾ, ഈജിപ്ത്, ഫിലിപ്പൈൻസ് തുടങ്ങിയ പത്ത് ഏഷ്യൻ രാജ്യങ്ങളിലുള്ളവർക്കും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇവിടെയെത്തുന്നതിന് മുമ്പു തന്നെ സ്വദേശത്ത് വച്ചു തന്നെ ഈ പരിശോധനകൾ നടത്താവുന്നതാണ്. സ്വദേശത്തു വച്ചു തന്നെ ഇത്തരം പരിശോധനകളിൽ രോഗം കണ്ടെത്തുന്നവർ പിന്നെ ഖത്തറിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.