തിരുവനന്തപുരം: കാബിനറ്റ് പദവി കൊടുത്തെങ്കിലും മുന്മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദനു ശമ്പളമോ മറ്റാനുകൂല്യങ്ങളോ പിണറായി സർക്കാർ ഇതുവരെ നൽകിയില്ല.

വിഎസിന്റെ കൂടെയുള്ള സ്റ്റാഫിനും ശമ്പളമില്ല. പരാതികൾ ഏറെ നൽകിയിട്ടും ഫലമില്ല. കിട്ടിയത് ഔദ്യോഗികവസതിയും വാഹനവും മാത്രമാണ്. കാബിനറ്റ് പദവി കിട്ടിയതോടെ, വിഎസിന് ലഭിച്ചുവന്ന എംഎൽഎക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും നിർത്തലാക്കുകയും ചെയ്തു. എന്നാൽ വിഎസിനു ശമ്പളം കിട്ടുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെടുത്താൻ വൈകി എന്നാണ് ഈ വിവാദത്തിൽ സർക്കാരിനുള്ള മറുപടി.

ഓഗസ്റ്റിലാണു കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായി വിഎസിനെ നിയമിച്ചത്. മന്ത്രിയുടെ എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുമെന്നാണു വ്യക്തമാക്കിയിരുന്നത്. ഓഫിസ് ഇതുവരെ ശരിയായില്ല എന്ന പരാതിയും ഇപ്പോഴുമുണ്ട്. വിഎസിനുള്ള ശമ്പളവും ബത്തകളും സംബന്ധിച്ചു വ്യക്തത വരുത്തിയുള്ള ഉത്തരവ് ഇറങ്ങാത്തതാണു പ്രശ്‌നം. മുന്മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഫയലിൽ പൊതുഭരണവകുപ്പും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പും തീരുമാനം എടുക്കുന്നില്ല.

മന്ത്രിപദവിക്ക് അനുസരിച്ചുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കേണ്ടതു പൊതുഭരണവകുപ്പാണ്. എന്നാൽ, വി എസ് കമ്മിഷൻ അധ്യക്ഷനാണ് എന്നതിനാൽ ആ പദവി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പുമായി ബന്ധപ്പെട്ടതുമാണ്. മൂന്നുമാസം മുമ്പു തന്നെ വി എസ് അക്കാര്യം പാർട്ടിയുടെ അടക്കം ശ്രദ്ധയിൽ കൊണ്ടുവന്നതാണ്. എംഎൽഎ ആയിരിക്കെ കാബിനറ്റ് പദവിയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് അയോഗ്യതാപ്രശ്‌നങ്ങൾക്കു വഴിവയ്ക്കും എന്നതിനാൽ അക്കാര്യത്തിൽ വ്യക്തതവരുത്തുന്ന ബിൽ വിഎസിനു വേണ്ടി നിയമസഭ പാസാക്കിയിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎയുടെ ആനുകൂല്യങ്ങൾ നിർത്തലാക്കിയത്. കവടിയാർ ഹൗസ് അനുവദിച്ചതോടെ എംഎൽഎ ഹോസ്റ്റലിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. സെപ്റ്റംബറോടെയാണ് വിഎസിന് സ്റ്റാഫ് ആയത്. ഇവരെ നിയമിച്ചുകൊണ്ടുള്ള പൊതു ഉത്തരവ് ഇറങ്ങിയതൊഴിച്ചാൽ ഓരോരുത്തരുടെയും ശമ്പള സ്‌കെയിൽ നിശ്ചയിച്ച് ഉത്തരവായിട്ടില്ല.

മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിന്റെ ആനുകൂല്യങ്ങളാണോ അതോ കമ്മിഷൻ അധ്യക്ഷന്റെ പഴ്‌സനൽ സ്റ്റാഫിനുള്ളതു മതിയോ എന്നതിൽ തർക്കം തുടരുന്നു. ശമ്പളമില്ലാതെയാണ് അഞ്ചുമാസമായി സ്റ്റാഫിന്റെ പ്രവർത്തനം.