തിരുവനന്തപുരം: എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ എല്ലാം ശരിയായോ എന്ന് ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ വി എസ്. അച്യുതാനന്ദനോട് ചോദിച്ചാൽ ഇല്ല എന്ന് മാത്രമേ മറുപടി ലഭിക്കൂ. കാരണം ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ ആയി മാസങ്ങളായിട്ടും വി എസ്. അച്യുതാനന്ദന് ഇതുവരെ വേതനം ലഭിച്ചു തുടങ്ങിയിട്ടില്ല. കമ്മീഷൻ രൂപീകരിച്ച് ഒമ്പത് മാസമായിട്ടും ശമ്പളം നൽകി തുടങ്ങിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽ കിയത്.

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനും മറ്റു അംഗങ്ങൾക്കും ശമ്പളം നൽകി തുടങ്ങിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭിൽ അറിയിച്ചത്. പ്രതിപക്ഷ അംഗം റോജി എം ജോൺ ഉന്നയിച്ച ചോദ്യത്തിന് നിയമസഭിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ആനുകൂല്യങ്ങൾ എത്രയെന്ന സർക്കാർ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വി എസ് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷ്യ സ്ഥാനം ഏറ്റെടുത്തിട്ട് പത്തുമാസം പിന്നിട്ടു. 2016 ഓഗസ്റ്റ് 18 നാണ് വി എസ് സ്ഥാനം ഏറ്റെടുത്തത്.

ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ എന്ന നിലയിൽ വി എസ്.അച്യുതാനന്ദനും, ഭരണ പരിഷ്‌ക്കാര കമ്മിഷൻ അംഗങ്ങൾ എന്ന നിലയിൽ മുൻ ചീഫ് സെക്രട്ടറിമാരായ സി.പി.നായർക്കും. നീല ഗംഗാധരനുമാണ് കമ്മിഷനിൽ ഉള്ളത്. വിഎസിന് വേതനം ലഭിക്കാത്തത് കാരണം അംഗങ്ങൾക്കും വേതനം ലഭിച്ചിട്ടില്ല. ക്യാബിനറ്റ് റാങ്കോടെയാണ് വി എസ്.അച്യുതാനന്ദന് ഈ എൽഡിഎഫ് സർക്കാർ ഭരണപരിഷ്‌കാരകമ്മിഷൻ അധ്യക്ഷ പദവി നൽകിയത്.

കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് വി.എഎസ്. അച്യുതാനന്ദൻ ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ ആയി സ്ഥാനമേറ്റത്. പക്ഷെ പിന്നീട് കാര്യങ്ങൾ ഒച്ചിഴയുന്നതിലും മെല്ലെയാണ് നടക്കുന്നത്. ക്യാബിനറ്റ് റാങ്ക് ഉണ്ടെന്നതിനാൽ മന്ത്രിമാർക്കുള്ള ശമ്പളമാണ് വിഎസിന് നൽകേണ്ടത്. ടിഎയും മറ്റ് ആനുകൂല്യങ്ങളും മന്ത്രിമാർക്ക് നൽകുന്നത് പോലെ നൽകുകയും ചെയ്യണം. ഇതിനു ക്യാബിനറ്റ് ഓർഡർ ഇറങ്ങണം. അത് എന്ന് ഇറങ്ങുമെന്ന കാര്യത്തിൽ ഒരുറപ്പും ആർക്കും പറയാൻ കഴിയുന്നുമില്ല. അങ്ങിനെയെങ്കിൽ ഭരണപരിഷ്‌കാര കമ്മിഷന് വേതനം കിട്ടാക്കനിയാകുന്ന ലക്ഷണമാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി വിഎസിന്റെ ഓഫീസ് പൊതുഭരണവകുപ്പിന് കത്ത് നൽകിയിട്ട് മാസം നാല് കഴിഞ്ഞു. അതിനും മറുപടിയില്ല.

വിഎസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ഈ കഴിഞ്ഞ ദിവസമാണ് ശമ്പളസ്‌കെയിലും മറ്റ് കാര്യങ്ങളും അനുവദിച്ചത്. അതും നിരന്തരമായി ഈ പ്രശ്നത്തിന്റെ പിന്നാലെ നടന്നതിനാൽ. പക്ഷെ ഭരണപരിഷ്‌കാരകമ്മിഷൻ ചെയർമാൻ എന്ന നിലയിൽ വിഎസിന്റെ ശമ്പളത്തിന്റെ കാര്യത്തിൽ ഇതുവരെ ഒരു ഉത്തരവും പൊതുഭരണവകുപ്പിൽ നിന്നും വന്നിട്ടില്ല. ക്യാബിനറ്റ് പദവി വിഎസിന് ഉള്ളതിനാൽ മന്ത്രിമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് എല്ലാം അർഹതയുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഒരു ക്യാബിനറ്റ് തീരുമാനം വന്നിട്ടില്ല.

ഭരണപരിഷ്‌കാരകമ്മിഷൻ അധ്യക്ഷൻ എന്ന നിലയിൽ ശമ്പളം, ടി.എ. എല്ലാം വ്യക്തമാക്കേണ്ടതുണ്ട്. ഒന്നും ഇതുവരെ ആയിട്ടില്ല. പേഴ്സണൽ സ്റ്റാഫിന്റെ കാര്യത്തിൽ ധാരണയായെങ്കിലും ശമ്പള സ്‌കെയിൽ നിർണ്ണയിച്ചിരുന്നില്ല. അത് ഇപ്പോഴാണ് നിർണ്ണയിക്കപ്പെട്ടത്. ശമ്പളം ലഭിക്കാൻ ഇനിയും കാലതാമസം വരും. കാരണം അത് എജി ഓഫിസ് വഴി കയറിയിറങ്ങി വരേണ്ടതാണ്. ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ ഓഫീസിന്റെ കാര്യത്തിലും വിഎസും എൽഡിഎഫ് സർക്കാരും ഇടഞ്ഞിരുന്നു. ഭരണപരിഷ്‌ക്കാര കമ്മീഷൻ ഓഫീസ് സെക്രട്ടറിയേറ്റിൽ തന്നെ വേണം എന്ന് വി എസ് നിർബന്ധം പിടിച്ചിരുന്നു. എന്നാൽ സർക്കാർ അനുവദിച്ചില്ല.

സെക്രട്ടറിയേറ്റിൽ നിന്നും ഏതാനും കിലോമീറ്റർ മാറിയുള്ള പിഎംജി ഓഫീസിലാണ് ഭരണപരിഷ്‌ക്കാര കമ്മിഷന് സർക്കാർ ഓഫിസ് അനുവദിച്ചത്. അതിൽ പ്രതിഷേധിച്ച് വി എസ് പിഎംജിയിലെ ഓഫിസ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്നാണ് വി എസ് നേരിട്ട് വന്ന കണ്ട ശേഷം പരാതിപ്പെട്ടത്. ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ എന്ന നിലയിൽ വിഎസിന് അനുവദിച്ച ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലാണ് ഭരണപരിഷ്‌ക്കാര കമ്മിഷൻ യോഗങ്ങൾ ഇപ്പോൾ നടക്കുന്നത്.

ഐഎംജിയിൽ ഓഫീസ് തയ്യാറാക്കുന്നതിന് 70 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഐഎംജി മറ്റൊരു ഡയറക്ടറുടെ കീഴിൽ നിൽക്കുന്ന സ്ഥാപനമാണ്. അതിനാൽ അവിടത്തെ ഓഫീസിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വി എസ്. നേരത്തേ തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ശശിധരൻ നായരെയാണ് വെട്ടിയത്.