ദോഹ:  സ്വകാര്യ സ്‌കൂളുകളിൽ ഇനി മുതൽ സ്‌കൂൾ ഫീസ് അടയ്ക്കാനായി പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ സ്വീകരിക്കരുതെന്ന് സുപ്രീം എഡ്യുകേഷൻ കൗൺസിലിന്റെ നിർദ്ദേശം.  പ്രഖ്യാപിക്കപ്പെട്ട ഡേറ്റിനു മുൻപ് വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കാൻ സ്‌കൂളുകളെ അനുവദിക്കുകയും ഇല്ലെന്നും ഫീസ് സംബന്ധിച്ച വിവരങ്ങൾ യഥാസമയത്ത് രക്ഷകർത്താക്കളെ അറിയിക്കണമെന്നും സുപ്രീം എഡ്യുക്കേഷൻ കൗൺസിലിൽ പ്രൈവറ്റ് സ്‌കൂൾ ഓഫീസിന്റെ ഡയറക്ടറായ അഹമ്മദ് അൽ ഖാലി പറഞ്ഞു.
 
രാജ്യത്തെ 156 സ്വകാര്യ സ്‌കൂളുകളിലും 86 സ്വകാര്യ കിന്റർഗാർഡണിലുമായി 158,642 ഇപ്പോൾ എന്റോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഖാലി വ്യക്തമാക്കി.  ഇതു കൂടാതെ ഒരു ഇന്ത്യൻ സ്‌കൂളും 2 ഫ്രഞ്ച് സ്‌കൂളുകളുമടക്കം പുതിയ 16 സ്‌കൂളുകൾ എസ്ഇസി ലൈസൻസിനായി കാത്തിരിക്കുന്നുണ്ട്. 7 ബ്രിട്ടീഷ് സ്‌കൂളുകളും 1 അമേരിക്കൻ സ്‌കൂളും ഇതിൽ പെടും. ഈ അധ്യയന വർഷം വിവിധ സ്‌കൂളുകളിലായി 7888 സീറ്റുകളാണ് ഒഴിവുള്ളത്.  പുതിയ അധ്യയന വർഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളും എസ്ഇസി നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നും ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ പരിശോധന നടത്തി.

എസ്ഇസിയുടെ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകൾ ഫീസ് വർദ്ധിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ 24 മണിക്കൂറിനകം ഈ തുക തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കും.