തിരുവനന്തപുരം: സീറോ മലബാർ സഭയുടെ പള്ളികളിലും മറ്റും സിനിമാ ചിത്രീകരണത്തിന് അനുമതി നൽകേണ്ടെന്ന തീരുമാനത്തിൽ സഭാ നേതൃത്വം. സിനിമകളിലൂടെ വൈദികരെയും പള്ളികളെയും അവഹേളിക്കുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് പള്ളികളിൽ സിനിമാ ഷൂട്ടിംഗിന് അനുമതി നൽകേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. സഭയുടെ പള്ളികളിലും ചാപ്പലുകളിലും ഇനി സിനിമാ, സീരിയൽ ചിത്രീകരണം അനുവദിക്കേണ്ടതില്ലെന്ന് സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സുന്നഹദോസ് അറിയിച്ചു.

പള്ളികളിൽ ചിത്രീകരിച്ച ചിത്രങ്ങൾ സഭയെയും വൈദികരെയും അപമാനിക്കുന്നതായും ആരാധനാലയമെന്ന പരിഗണന നൽകാതെയാണ് പള്ളിക്കകത്ത് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് സിനഡ് തീരുമാനം. ഇക്കാര്യത്തിൽ സഭാ കാര്യാലയത്തിൽനിന്നു പള്ളി വികാരിമാർക്കു നിർദ്ദേശം നൽകിയതായി മംഗളം റിപ്പോർട്ട് ചെയ്തു. സഭാ വിശ്വാസത്തെ കുറിച്ച് നല്ലതു പറയുന്ന ആത്മീയ ചാനലുകളായ ഗുഡ്‌ന്യൂസ്, ശാലോം തുടങ്ങിയ കത്തോലിക്കാ ചാനലുകളുടെ പരിപാടികൾ ചിത്രീകരിക്കാൻ മാത്രം അനുവദിച്ചാൽ മതിയെന്നുമാണ് തീരുമാനം.