- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്താണ് ഇത്ര അടിയന്തര സാഹചര്യം? കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ ഉള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ വീണ്ടും അനുമതി നിഷേധിച്ചു; സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമുണ്ടെന്ന സർക്കാർ വാദം തള്ളി ആരിഫ് മുഹമ്മദ് ഖാൻ; സമ്മേളനം ഇല്ല; സർക്കാരിന് വൻതിരിച്ചടി
തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം ഗവർണർ വീണ്ടും നിഷേധിച്ചു. അടിയന്തിര സ്വഭാവമില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗവർണർ അനുമതി രണ്ടാമതും നിഷേധിച്ചത്.
ഗവർണർ ആദ്യം അനുമതി നിഷേധിച്ചതോടെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനം അനിശ്ചിതത്വത്തിലായിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നയങ്ങൾക്കെതിരെ പ്രമേയം പാസാക്കാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. ഒരു മണിക്കൂർ മാത്രം സഭ ചേർന്ന് പ്രമേയം പാസാക്കാനായിരുന്നു തീരുമാനം.
എന്നാൽ സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവർണർ അനുമതി നിഷേധിച്ചിരിക്കുന്നത്. സഭ ചേരേണ്ട അടിയന്തര സാഹചര്യമുണ്ടെന്ന നിലപാടായിരുന്നു സർക്കാരിനുള്ളത്.
അതിനിടെ സമ്മേളനം വിളിക്കണമെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ഒരിക്കൽക്കൂടി ഗവർണർക്ക് കത്ത് നൽകി. മുഖ്യമന്ത്രിയും കൃഷി മന്ത്രിയും ഗവർണർ നേരിൽ കണ്ട് അഭ്യർത്ഥിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകൾ വന്നു. രാജ്ഭവനിൽ നിന്നും അനുമതിൽ ലഭിച്ചാൽ മാത്രമേ നിയമസഭാ സമ്മേളനം ചേരാനാവൂ എന്നതിനാൽ ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. സമ്മേളനത്തിന് ഗവർണർ അനുമതി നൽകാതിരുന്നതോടെ നടക്കില്ല എന്നുറപ്പായി.
രാജ്യമാകെ കർഷകരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ മൂന്നു കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കൃഷി നിയമ ഭേദഗതികൾ വോട്ടിനിട്ടു തള്ളാനായിരുന്നു നിയമസഭാ സമ്മേളനം വിളിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിനായി മന്ത്രിസഭാ യോഗം ചേർന്നു ഗവർണർക്കു ശുപാർശ നൽകിയിരുന്നു. കൃഷി നിയമ ഭേദഗതി പ്രമേയത്തിലൂടെ വോട്ടിനിട്ടു തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ടായിരുന്നു.
കൃഷി മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 3 നിയമ ഭേദഗതികൾക്കെതിരെയും സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാനും സംസ്ഥാന സർക്കാർ നീക്കമുണ്ട്. ഒരു മണിക്കൂർ മാത്രമാകും സഭാ സമ്മേളനം എന്നായിരുന്നു അറിയിപ്പ്. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുകയും സ്പീക്കറും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സംസാരിക്കുകയുമായിരുന്നു അജണ്ട.
മറുനാടന് മലയാളി ബ്യൂറോ