റിയാദ് : സൗദി അറേബ്യയിൽ പ്രവാസികൾക്ക് പ്രതിമാസം 700 റിയാൽ വരെ നികുതി ഏർപ്പെടുത്താൻ നിർദ്ദേശം സർക്കാർ തള്ളി. ആശ്രിത വീസയിലുള്ളവർക്ക് പ്രതിമാസം 200 മുതൽ 400 റിയാൽ വരെയാണ് നികുതി ഏർപ്പെടുത്തണമെന്നായിരുന്നു നിർദ്ദേശം. 2017 ലെ സാമ്പത്തിക വർഷത്തെ ബജറ്റിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം ധനമന്ത്രാലയം മുന്നോട്ടു വച്ചത്. എന്നാൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭ യോഗം ഈ നിർദ്ദേശം തള്ളി കളഞ്ഞു.

രാജ്യത്തെ ആർക്കും പ്രത്യക്ഷ നികുതി വേണ്ടെന്നാണ് തീരുമാനം. എന്നാൽ സ്വദേശികളെ കൂടുതൽ നിയമിക്കുന്ന കമ്പനികൾക്ക് ഇളവു നൽകാനും നിർദ്ദേശം അംഗീകരിച്ചു. സ്വദേശികൾ കൂടുതലുള്ള കമ്പനികളിൽ നികുതി കുറവും, സ്വദേശികൾ കുറവുള്ള സ്ഥാപനങ്ങളിൽ നികുതി കൂടുതൽ ഏർപ്പെടുത്തുകയും ചെയ്യും. സൗദി അറേബ്യയുടെ 2017 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി. പ്രത്യേക മന്ത്രിസഭ യോഗമാണ് 692 ബില്യൺ റിയാൽ വരവും 890 ബില്യൺ റിയാൽ ചെലവും പ്രതീക്ഷിക്കുന്ന കമ്മി ബജറ്റിന് അംഗീകാരം നൽകിയത്.

വരുമാനം കുറഞ്ഞ പൗരന്മാർക്കായി പ്രത്യേക അക്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യൂണിഫോം സിറ്റിസൺ അക്കൗണ്ട് അവശത അനുഭവിക്കുന്നവർക്കുള്ളതാണ്. ഇതിൽ നിശ്ചിത തുക പ്രതിമാസം സർക്കാർ നിക്ഷേപിക്കും. ആളുകൾക്ക് ആവശ്യമനുസരിച്ച് ഈ തുക പിൻവലിക്കാം. സാമൂഹിക സുരക്ഷ ഉറപ്പാക്കാനാണ് ഈ പദ്ധതി. അഞ്ച് തലത്തിൽ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ സൗദി പൗരന്മാരെ തരംതിരിക്കും. ഇതിൽ അവസാന രണ്ട് തലത്തിലുള്ളവർക്കാകും ഈ സഹായം ലഭിക്കുക. വിദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് 2018 മുതൽ ഫീസ് കൂട്ടാനാണ് തീരുമാനം.

ഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയും പെട്രോളിന് റെക്കോഡ് വിലയിടിവ് സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൗരന്മാരുടെ പുരോഗതിയും തൊഴിലവസരവും മുന്നിൽകണ്ടുള്ള ബജറ്റിന് അംഗീകാരം നൽകുന്നതെന്ന് സൽമാൻ രാജാവ് തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. രണ്ടാം കിരീടാവകാശി പ്രഖ്യാപിച്ച വിഷൻ 2030ന്റെയും ദേശീയ പരിവർത്തന പദ്ധതി 2020ന്റെയും ശേഷമുള്ള ആദ്യ ബജറ്റ് എന്ന പ്രത്യേകതകൂടി 2017 സാമ്പത്തിക വർഷത്തെ ബജറ്റിനുണ്ട്.

വിദ്യാഭ്യാസ, തൊഴിൽ പരിശീലനം എന്നിവക്ക് 200 ബില്യൺ, സൈനിക മേഖലക്ക് 191 ബില്യൺ, ആരോഗ്യ, സാമൂഹിക സുരക്ഷക്ക് 120 ബില്യൺ, ദേശീയ പരിവർത്തന പദ്ധതിക്ക് 42 ബില്യൺ, തദ്ദേശഭരണ വകുപ്പിന് 48 ബില്യൺ, ഗതാഗതം, അടിസ്ഥാന സൗകര്യം എന്നിവക്ക് 52 ബില്യൺ, മേഖലകളുടെ സുരക്ഷക്ക് 96 ബില്യൺ തുടങ്ങിയവയാണ് ബജറ്റിൽ വകയിരുത്തിയ മുഖ്യ ഇനങ്ങൾ.

890 ബില്യൺ റിയാൽചിലവും 692 ബില്യൺ റായാൽവരവും പ്രതീക്ഷിക്കുന്ന 2017 ലേക്കുള്ള ബജറ്റ് 2016 നെ അപേക്ഷിച്ച 6 ശതമാനം കൂടുതൽതുക ചിലവഴിക്കുന്നതാണ്. 2017ൽ 480 ബില്യൺ റിയാലാണ് രാജ്യം എണ്ണ വരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നത്. എണ്ണയിതര വരുമാനത്തിലൂടെ 212 ബില്യൺ റിയാലിന്റെ വർദ്ധനവും പ്രതീക്ഷിക്കുന്നു.കഴിഞ്ഞ വർഷത്തെ ബജറ്റിൽ 327 ബില്യൺ റിയാലിന്റെ കുറവാണ് കണക്കാക്കിയിരുന്നെങ്കിലും 297 ബില്യൺ റിയാലിന്റെ കുറവുമാത്രമാണ് രേഖപ്പെടുത്തിയത്.

1.7 ശതമാനത്തിന്റെ സാമ്പത്തിക വളർച്ചയാണ് 2016ൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം എണ്ണയിതര മേഖലയിൽ 2.5 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. എന്നാൽ അടുത്ത വർഷം 2 ശതമാനം പ്രാദേശിക ഉത്പാദനത്തിൽവളർച്ച പ്രതീക്ഷിക്കുന്നു. 2020 ആവുമ്പോഴേക്കും 3 ശതമാനമായി ഇത് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നു. 2016 ലെ കണക്കുപ്രകാരം രാജ്യത്തിന്റെ പൊതു കടം 316.5 ബില്യൺ റിയാലാണ്.