റിയാദ്: പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്ന കാര്യത്തിൽ ഇതുവരെ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് ധനമന്ത്രി ഇബ്രാഹിം അൽ അസ്സാഫ്. വിദേശികളുടെ വരുമാനത്തിനും അവർ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിനും നികുതി ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും മന്ത്രി വെളിപ്പെടുത്തി.

രാജ്യത്ത് താമസിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കണമെന്നത് ഒരു പഴയ നിർദ്ദേശം മാത്രമാണ്. ഇക്കാര്യം പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും കൈക്കൊണ്ടിട്ടില്ല. നാഷണൽ ട്രാൻസർഫർമേഷൻ പ്രോഗ്രാം 2020നെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിലൂടെ രാജ്യത്തെ സുസ്ഥിരമായ വളർച്ചയിലേക്ക് നയിക്കുകയാണ് തന്റെ മന്ത്രാലയത്തിന്റെ ചുമതലയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇദ്ദേഹത്തോടൊപ്പം ഗതാഗതമന്ത്രി സുലൈമാൻ അൽ ഹമ്ദാനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. രാജ്യത്തെ റോഡപകടങ്ങൾ കുറയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടങ്ങളുടെയും അപകടമരണങ്ങളുടെയും എണ്ണം വൻതോതിൽ വർദ്ധിക്കുകയാണ്. ഇത് വലിയൊരു ദുരന്തമാണ്.