ജിദ്ദ: പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സൗദി അറേബ്യൻ മണിട്ടറി ഏജൻസി (സാമ) ഗവർണർ രംഗത്തെത്തി. രാജ്യത്ത് വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വന്നിരിക്കുന്ന വർധനയാണ് സ്വദേശികൾക്ക് പണം വളരെ കൂടാൻ പ്രധാന കാരണമെന്നും ഡോളറുമായുള്ള സൗദി റിയാലിന്റെ വിനിമയ മൂല്യത്തിൽ മാറ്റം വരുത്തില്ലെന്നും സാമ ഗവർണർ ചൂണ്ടിക്കാട്ടി. സൽമാൻ രാജാവിന്റെ ചിത്രം അടങ്ങിയ പുതിയ നോട്ടുകൾ വൈകാതെ പുറത്തിറക്കുമെന്നും എന്നാൽ ആയിരം റിയാലിന്റെ നോട്ടുകൾ പുറത്തിറക്കാൻ ഉദ്ദേശമില്ലെന്നും സാമ ഗവർണർ ഡോ. അഹമ്മദ് ബിൻ അബ്ദുൾ കരീം അൽ ഖുലൈഫി വ്യക്തമാക്കി.

രാജ്യത്തെ ധനസ്ഥിതിയുടെ പൊതു ചിത്രം വ്യക്തമാക്കുന്ന സാമ അമ്പത്തിരണ്ടാമത് വാർഷിക റിപ്പോർട്ട് സൽമാൻ രാജാവിന് സമർപ്പിച്ച ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സാമ ഗവർണർ. പുതിയ നാണയങ്ങളും പുറത്തിറക്കുമെന്നും അമേരിക്കൻ ഡോളറിനേയും സൗദി റിയാലിനെയും സ്ഥിര വിനിമയ നിരക്കിൽ ബന്ധിപ്പിച്ച നടപടി തുടരുമെന്നും ഡോ. അൽ ഖുലൈഫി വ്യക്തമാക്കി.