- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജോയിന്റ് ആർടിഒമാർ ഇനി സിവിൽ ഡ്രസ്സിൽ; യൂണിഫോം ഒഴിവാക്കുന്നതിനുള്ള ശുപാർശ നിയമസഭ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു; പരിഷ്കാരം നിലവിലെ 29 പേരെ ബാധിക്കാത്ത തരത്തിൽ; അസി.ട്രാൻസ്പോർട്ട് ഓഫിസർ എന്നു പേരു മാറ്റണമെന്നും നിർദ്ദേശം
തിരുവനന്തപുരം: മോട്ടർ വാഹന വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ജോയിന്റ് ആർടിഒമാർക്ക് ഇനി യൂണിഫോം ഉണ്ടാകില്ല. ഇവർക്കു സിവിൽ വേഷം ഏർപ്പെടുത്താനുള്ള വകുപ്പിന്റെ ശുപാർശ പിഎസ്സിയുടെ അനുമതിയോടെ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.
എൽഡി ക്ലാർക്കായി സർവീസിൽ കയറുന്നവരാണു സ്ഥാനക്കയറ്റത്തിലൂടെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജോയിന്റ് ആർടിഒമാരാകുന്നത്. മറ്റു ജോയിന്റ് ആർടിഒമാർ എഎംവിഐ ആയി നേരിട്ടു യൂണിഫോം സർവീസിൽ പ്രവേശിക്കുന്നവരാണ്. ജോയിന്റ് ആർടിഒമാർക്കെല്ലാം ഒരേ യൂണിഫോം സംവിധാനമാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇതിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കേസുണ്ടായിരുന്നു. തുടർന്നാണ് അഡ്മിനിസ്ട്രേറ്റിവ് വിഭാഗം ജോ.ആർടിഒമാരുടെ യൂണിഫോം ഒഴിവാക്കാനുള്ള നടപടി.
എന്നാൽ ഇപ്പോൾ സർവീസിലുള്ള 29 ജോയിന്റ് ആർടിഒമാരെ ബാധിക്കാതെ ഭാവിയിൽ നടപ്പാക്കുന്ന തരത്തിലാണു ചട്ടഭേദഗതി.അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജോയിന്റ് ആർടിഒമാരെ അസി.ട്രാൻസ്പോർട്ട് ഓഫിസർ എന്നു പേരു മാറ്റണമെന്നു ശമ്പള കമ്മിഷനും ശുപാർശ ചെയ്തിരുന്നു.
മോട്ടർ വാഹന വകുപ്പിൽ യൂണിഫോം നിർബന്ധമാക്കിയുള്ള 1997 ലെ ഉത്തരവിൽ സ്റ്റേറ്റ് എംബ്ലം എന്നതിനു പകരം കേരള സ്റ്റേറ്റ് എംബ്ലം എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതനുസരിച്ചു നിയമപ്രകാരം ആനച്ചിഹ്നം വേണം ബാഡ്ജായി ധരിക്കേണ്ടത്. എന്നാൽ സ്റ്റേറ്റ് എംബ്ലമായ അശോകസ്തംഭം ബാഡ്ജാണ് ഇതുവരെ ഉദ്യോഗസ്ഥർ ധരിച്ചിരുന്നത്. പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന തരത്തിലുള്ള ബാരറ്റ് തൊപ്പിയും ധരിച്ചിരുന്നു. കേരള മോട്ടർ വെഹിക്കിൾ ചട്ടം 406ലാണ് ഉദ്യോഗസ്ഥരുടെ യൂണിഫോമിനെപ്പറ്റി പരാമർശിക്കുന്നത്. ഇതിൽ ബാരറ്റ് തൊപ്പിയെക്കുറിച്ചു പറയുന്നില്ല.
വിഷയം ഹൈക്കോടതിക്കു മുൻപിലെത്തിയതോടെയാണു ചട്ടപ്രകാരമുള്ള യൂണിഫോം കോടതി നിർദേശിച്ചത്. കോടതി നിർദ്ദേശം വന്ന ശേഷം യൂണിഫോം ഇല്ലാതെയാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് അശോകസ്തംഭം ബാഡ്ജിനും ബാരറ്റിനും നിയമസാധുത ലഭിക്കാൻ ചട്ടത്തിൽ മാറ്റം വരുത്താൻ നടപടി തുടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ