കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ അഴിമതി ആരോപണങ്ങളിൽ കുരുക്കാനുള്ള ഐഎഎസ് ലോബിയുടെ നീക്കത്തിന് കനത്ത തിരിച്ചടി. ജേക്കബ് തോമസിനെ കുരുക്കാൻ വേണ്ടി കെട്ടിച്ചമച്ച മൂന്ന് ആരോപണങ്ങളിലും അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് കോടതി തള്ളിക്കളഞ്ഞു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹർജികൾ തള്ളിയത്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ അടക്കം ഉയർന്ന ആരോപണങ്ങളിലാണ് അന്വേഷണം ആവശ്യമില്ലെന്ന കണ്ട് കോടതി തള്ളിയത്.

തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ സർക്കാരിനു 15 കോടി രൂപയുടെ നഷ്ടംവരുത്തിയെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരുന്നത്. ഇടപാടിൽ വിദേശകമ്പനിക്ക് അന്യായ ലാഭം നേടാൻ കഴിയുന്ന തരത്തിൽ ഉദ്യോഗസ്ഥർ പ്രവർത്തിച്ചുവെന്നാണ് ആരോപണം. ജേക്കബ് തോമസിനെതിരെ മതിയായ തെളിവുകൾ ഇല്ലെന്നു കാണിച്ചാണ് ഹർജികൾ കോടതി തള്ളിയത്. കൂടുതൽ തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്ന് കോടതി പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്ന് ധനവകുപ്പിന്റെ റിപ്പോർട്ടും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും അതു പൂർത്തിയാവും വരെ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിനിർത്തണമെന്നും ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് മുഖ്യമന്ത്രിക്കു നൽകിയ ശുപാർശയും ഹർജിക്കാരൻ ചേർത്തല സ്വദേശി മൈക്കിൾ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, ഈ വിഷയത്തിൽ നേരത്തെ അന്വേഷണം നടത്തി കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. അതിനാൽ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

ക്രമക്കേടിൽ ജേക്കബ് തോമസ് അടക്കം തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദികളാണെന്നും സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രത്യേക സംഘം അന്വേഷിക്കണമെന്നും കെ.എം. ഏബ്രഹാം നൽകിയ റിപ്പോർട്ടിലുണ്ട്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സോളർ പാനൽ സ്ഥാപിച്ചതിൽ സർക്കാരിനു കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിക്കുന്ന മറ്റൊരു ഹർജിയും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എത്തിയിരുന്നു. കൂടാതെ അവധിയെടുത്ത് സ്വകാര്യ സ്ഥാപനത്തിൽ പഠിപ്പിച്ചെന്ന ആരോപണവും കോടതി തള്ളി. ഈ വിഷയങ്ങളിലെല്ലാം അന്വേഷണം ആവശ്യമില്ലെന്ന് കണ്ടാണ് കോടതി തള്ളിയത്.

ജേക്കബ് തോമസ് കേരള ട്രാൻസ്‌പോർട്ട് ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.ടി.ഡി.എഫ്.സി) എം.ഡിയായിരിക്കെ അവധിയെടുത്ത് സ്വകാര്യസ്ഥാപനത്തിൽ പഠിപ്പിച്ചതും ശമ്പളം വാങ്ങിയതും അന്വേഷണിക്കണമെന്നായിരുന്നു ഹർജി. നേരത്ത ജേക്കബ് തോമസിനെതിരായ ആരോപണങ്ങൾ സർക്കാറും തള്ളിയിരുന്നു. ജേക്കബ് തോമസ് അവധിയെടുത്ത് പഠിപ്പിച്ചത് അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. ജേക്കബ് തോമസിനെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി സത്യൻ നരവൂർ നൽകിയ അപ്പീലിലാണ് സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് ഈ നിലപാടറിയിച്ചത്. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി നേരത്തേ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്ന് സത്യൻ നരവൂർ സമർപ്പിച്ച അപ്പീലിൽ സർക്കാരിന്റെ വാദം പൂർത്തിയായതോടെ ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി.

ജേക്കബ് തോമസിനെതിരായ ഈ പരാതി മൂന്നു തവണ ചീഫ് സെക്രട്ടറിതലത്തിൽ പരിശോധിച്ച് നടപടിയാവശ്യമില്ലെന്നു കണ്ടെത്തി അവസാനിപ്പിച്ചതാണ്. സർക്കാർ അതു ശരിവയ്ക്കുകയും ചെയ്തു. പഠിപ്പിക്കാൻ പോയപ്പോൾ ജേക്കബ് തോമസ് സർക്കാരിനോട് അനുമതി തേടിയിരുന്നു. അനുമതി ലഭിക്കാതിരുന്നതോടെ ജോലി മതിയാക്കി, വാങ്ങിയ ശമ്പളം തിരികെ നൽകി. ശമ്പളം കൈപ്പറ്റിയാൽ പോലും അഴിമതിയാണെന്നു പറയാനാകില്ലെന്നു വ്യക്തമാക്കാൻ മറ്റൊരു കേസിലെ സുപ്രീം കോടതി ഉത്തരവും എ.ജി ഹാജരാക്കി. തികച്ചും സർവീസ് സംബന്ധമായ ഈ വിഷയത്തിൽ പൊതുതാൽപ്പര്യമില്ലെന്നും എ.ജി ചൂണ്ടിക്കാട്ടുകയുണ്ടായി.