- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിൽ പോകാൻ സഹോദരൻ തോളിൽ എടുത്തുകൊണ്ടു പോകണം; പുറത്തേക്ക് ഉള്ള വഴി ഇടിഞ്ഞതോടെ ജയിലിൽ ആയ പോലെ ഭിന്നശേഷിക്കാരിയായ മോളിയും മറ്റ് 36 കുടുംബങ്ങളും; മലമാരി ലക്ഷം വീട് കോളനിക്കാർ സമരം നടത്തിയിട്ടും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിട്ടും കനിയാതെ അധികാരികൾ
തിരുവനന്തപുരം: പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ മലമാരി ലക്ഷം വീട്ടിൽ താമസിക്കുന്ന ഭിന്നശേഷിക്കാരിയായ മോളി ഒരു വഴിക്ക് വേണ്ടി പഞ്ചായത്തിന്റെ കനിവ് കാത്തിരിക്കാൻ തുടങ്ങിയിട്ട് 40 വർഷം. സുമനസുകൾ വാങ്ങി നൽകിയ വീൽച്ചെയറുണ്ടെങ്കിലും അതിന് സഞ്ചരിക്കാൻ വഴിയില്ലാത്ത അവസ്ഥയാണ്. കോളനിയിൽ നിന്നും പുറത്തേയ്ക്കുള്ള ഏകവഴിയുടെ ഒരുഭാഗം ഇടിഞ്ഞുപോയതിനാൽ വീതികുറഞ്ഞ വഴിയിലൂടെ യാത്രചെയ്യാനുള്ള ബുദ്ധിമുട്ടിലാണ് മോളി അടക്കമുള്ള മലമാരി ലക്ഷംവീട് കോളനിയിലുള്ളവരാകെ. 36 കുടുംബങ്ങൾ താമസിക്കുന്ന ഒരു കോളനിയിലേക്കുള്ള പൊതു വഴിയാണ് ദുർഘടാവസ്ഥയിൽ കിടക്കുന്നത്. ഭിന്നശേഷിക്കാരും,വൃദ്ധരും രോഗികളുമായിട്ടുള്ള അനേകം പേർ താമസിക്കുന്ന കോളനിയാണ്.
മോളി പോളിയോ ബാധിച്ച് കൈയും കാലും തളർന്ന നിലയിലാണ്. പൂർണ്ണമായും നടക്കാൻ കഴിയാത്ത നാൽപത് വയസ് പ്രായമുള്ള മോളിയുടെ അവസ്ഥ വളരെ ദയനീയമാണ്. എന്തെങ്കിലും ആവശ്യത്തിന് പുറത്തു പോകണമെങ്കിൽ ഇരുന്നൂറ് മീറ്റർ ദൂരമുള്ള ഇടുങ്ങിയ വഴിയിൽ രണ്ടു പേർ ചേർന്ന് എടുത്തു കൊണ്ട് പോകേണ്ടതുണ്ട്. ഇടുങ്ങിയ വഴിയിലൂടെ വീൽചെയർ നീങ്ങാത്തതിനാൽ സഹോദരൻ തോളിലെടുത്താണ് മോളിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നത്.
അൻപതു വർഷം കൊണ്ട് കോളനിക്കാർ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പൊതുവഴിയാണ് ഇത്. വാഹനം കടന്നുവരാനുള്ള വീതി വഴിക്കുണ്ടെങ്കിലും ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നിരിക്കുന്നതിനാൽ വാഹനം കോളനി വരെ എത്താത്ത അവസ്ഥയാണുള്ളത്. വാഹനം കടന്നുവരത്തക്കരീതിയിൽ വഴി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലമൊന്നുമുണ്ടായിട്ടില്ല.
ഈ ആവശ്യമുന്നയിച്ചുകൊണ്ട് നിരവധി സമരങ്ങൾ കോളനി നിവാസികൾ നടത്തി, തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. എന്നിട്ടും വഴി മാത്രം വന്നില്ല. 2019 ൽ ഭിന്നശേഷിക്കാരുടെ പ്രത്യേക ഗ്രാമസഭയിൽ ഇവിടെ വഴി നൽകാമെന്ന് തീരുമാനിക്കുകയും അതിനായി പഞ്ചായത്തിൽ നിന്നും ഉദ്യോഗസ്ഥരെത്തി വഴിയുടെ അളവെടുത്ത് പോയതുമാണ്. എന്നാൽ പിന്നെ തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന് കോളനിനിവാസികൾ പറയുന്നു.
വഴിപ്രശ്നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ സാന്ത്വനസ്പർശം പദ്ധതിയിൽ പരാതി നൽകിയെങ്കിലും പിന്നെ ഒന്നുമുണ്ടായില്ല. തുടർനടപടികൾക്കായി പരാതി പഞ്ചായത്തിന് കൈമാറി. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ അതിന്റെ അധികാരം വില്ലേജ് ഓഫീസിനാണെന്ന മറുപടിയാണ് പഞ്ചായത്ത് നൽകിയത്. എന്നാൽ പരാതി വില്ലേജിന് കൈമാറിയിട്ടുമില്ല.
അധികാരിവർഗം ഈ കോളനിയിലുള്ളവരെയാകെ കയ്യൊഴിഞ്ഞുകഴിഞ്ഞു. നാടുമുഴുവൻ വികസനവും ഭിന്നശേഷി സൗഹൃദവുമൊക്കെ പറയുന്ന അധികാരികൾ നാല് പതിറ്റാണ്ടായി വീടിന് പുറത്തിറങ്ങാൻ വഴിയില്ലാതെ ദുരിതം അനുഭവിക്കുന്ന മോളിയുടെ ജീവിതം കാണുന്നില്ല. പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട മോളിയും സഹോദരൻ ജോയിയും ഇപ്പോൾ പെരിങ്ങമല പഞ്ചായത്തിന് മുന്നിൽ അനിശ്ചിതകാലസത്യാഗ്രഹത്തിലാണ്. ഇനി വഴിയുടെ കാര്യത്തിൽ അനുകൂല തീരുമാനവുമായേ വീട്ടിലേയ്ക്ക് മടക്കമുള്ളു എന്നാണ് ഇവർ പറയുന്നത്. പിന്തുണയുമായി കോളനിവാസികളും ഒപ്പമുണ്ട്.