- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ ഉണ്ടാകില്ല; രോഗവ്യാപനം കൂടിയ പ്രദേശത്തെ എല്ലാവരെയും പരിശോധന നടത്തും; ജില്ലാ ശരാശരിയേക്കാൾ ഇരട്ടിയിൽ അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിൽ പരിശോധന; രണ്ടാം തരംഗത്തിൽ വൈറസിന്റെ ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനും സർക്കാർ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ ഉണ്ടാകില്ല. രോഗവ്യാപനം കൂടിയ പ്രദേശത്തെ എല്ലാവരെയും പരിശോധന നടത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നുണ്ടെങ്കിലും തത്കാലം വരാന്ത്യലോക്ക് ഡൗൺ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലസമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
അതേസമയം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ താമസിക്കുന്ന എല്ലാവരേയും കോവിഡ് പരിശോധനകൾക്ക് വിധേയരാക്കും. ഇത്തരം പ്രദേശങ്ങളിലുള്ള വീടുകളിലെ എല്ലാവരേയും പരിശോധിക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.
ഇതോടൊപ്പം രണ്ടാം തരംഗത്തിൽ കേരളത്തിൽ കോവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്തും. വൈറസിന്റെ ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനാണ് യോഗത്തിലെ തീരുമാനം. കോവിഡ് രോഗികളുടെ എണ്ണം ഈ ദിവസങ്ങളിൽ കുതിച്ചുയർന്നുവെങ്കിലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ അടിയന്തര സാഹചര്യം നേരിടാൻ തക്കവണ്ണം സജ്ജമാണെന്നാണ് ഇന്നത്തെ യോഗത്തിലുണ്ടായ വിലയിരുത്തൽ. സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ സർക്കാർ രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി ഒമ്പതുമണി മുതൽ പുലർച്ചെ അഞ്ചുമണി വരെയാണ് കർഫ്യൂ. ചരക്ക്-പൊതുഗതാഗതം എന്നിവയെ ബാധിക്കാത്ത വിധത്തിലായിരിക്കും നിയന്ത്രണം.
മറുനാടന് മലയാളി ബ്യൂറോ