ശിവമൊഗ്ഗ: എഴുപത്തിയഞ്ചുകാരനെ ഭാര്യ സർക്കാർ ആശുപത്രി വരാന്തയിലൂടെ വലച്ചിഴച്ചു കൊണ്ടുപോകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്‌കാനിങ് നടത്തുന്ന സ്ഥലത്തേക്ക് സ്‌ട്രെക്ചറോ വീൽചെയറോ ലഭിക്കാത്തതിനെ തുടർന്നാണ് രോഗിയായ ഭർത്താവിനെ വലിച്ചിഴച്ച് കൊണ്ട് പോകേണ്ടി വന്നത്.

സിവമൊഗ്ഗയിലെ മക്ഗാൻ ആശുപത്രിയിലെ ദയനീയ ദൃശ്യം വിവാദമായതോടെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. കർണാടക ആരോഗ്യമന്ത്രി രമേശ് കുമാർ കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞു. ആശുപത്രിയിലെ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അമീർ സാബ് എന്നയാളെ ഭാര്യ ഫമീദ തറയിലൂടെ വലിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യമാണ് ഇന്നലെ വാർത്താചാനലുകൾ പുറത്തുവിട്ടത്.

മെയ്‌ 31നായിരുന്നു സംഭവം. ശ്വാസകോശസംബന്ധമായ അസുഖം കാരണം 25നാണ് അമീറിനെ ഇവിടെ പ്രവേശിപ്പിച്ചത്. സ്‌കാനിങ് സെന്ററിലേക്ക് കൊണ്ടുപോകാൻ വീൽചെയർ ചോദിച്ചെങ്കിലും ഇതൊന്നും ഇവിടെ കിട്ടില്ലെന്നു നഴ്‌സുമാർ പറഞ്ഞെന്നാണ് ഫമീദ പറയുന്നത്.