ദോഹ: ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് പരക്കുന്ന സിക്ക വൈറസ് ഇതുവരെ ഖത്തറിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് അറിയിച്ചു. സിക്ക വൈറസ് ബാധിത രാജ്യത്തു നിന്ന് യാത്ര കഴിഞ്ഞെത്തുന്നവരെ നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നു സംശയിക്കത്തക്ക വിധത്തിൽ രോഗബാധ കണ്ടെത്തുന്നവരെ പരിശോധിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മിനിസ്ട്രി വെളിപ്പെടുത്തി.

നിലവിൽ ഖത്തറിൽ സിക്ക വൈറസ് പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങളും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. രോഗബാധയുള്ള രാജ്യങ്ങളിലേക്ക് ലോകാരോഗ്യ സംഘടന യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും അത്യാവശ്യമല്ലെങ്കിൽ ഈ 24 രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും മന്ത്രാലയം നിർദേശിക്കുന്നു. പ്രത്യേകിച്ച് ഗർഭിണികളും ഗർഭിണിയാകാൻ ഉദ്ദേശിക്കുന്നവരും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നിർദേശിക്കുന്നുണ്ട്. സിക്ക വൈറസ് ബാധിച്ച സ്ത്രീകൾ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് തലച്ചോറിന്റെ വളർച്ച മുരടിച്ചതായാണ് കണ്ടുവരുന്നത്.

പകൽ സമയങ്ങളിൽ കണ്ടുവരുന്ന ഈഡിസ് കൊതുകകളുടെ കടി മൂലമാണ് വൈറസ് ബാധ ഏൽക്കുന്നത്. അതുകൊണ്ടു തന്നെ രോഗബാധയുള്ള രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നവർ കൊതുകു കടി ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുകയും വേണം.