സ്റ്റോക്ക്‌ഹോം; 2018ലെ സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. ഡെന്നിസ് മുഖ്‌വേഗയും നദിയ മുറാദും നൊബേൽ പങ്കിട്ടു. ലൈംഗികാതിക്രമം ഒരു യുദ്ധമുറയായി കണക്കാക്കുന്നതിനെതിരെ പോരാടിയതിനാണ് ഇരുവരും പുരസ്‌കാരത്തിന് അർഹരായത്. യുദ്ധത്തിലെ ഇരകൾക്ക് നീതി നടപ്പാക്കാനും യുദ്ധക്കുറ്റത്തിൽ നിന്ന് രക്ഷിക്കാനും ഇരുവരും സ്വന്തം സുരക്ഷ പോലും പരിഗണിച്ചില്ലെന്ന് നൊബേൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദിയിൽനിന്നുള്ള സാമൂഹ്യപ്രവർത്തകയാണ് നദിയ മുറാദ്. ഐസിസ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിയ ആളാണ് നദിയ. താൻ അനുഭവിച്ച യാതനകൾ പുറംലോകത്തോട് വിളിച്ച് പറഞ്ഞാണ് നദിയ മറ്റുള്ളവർക്കുകൂടി വേണ്ടി പോരാടിയത്.

യുദ്ധങ്ങളിലും സായുധ പോരാട്ടങ്ങളിലും തുടർന്നുവരുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെയാണ് ഗൈനക്കോളജിസ്റ്റായ ഡെനിസ് മുക്വജ് പ്രവർത്തിച്ചത്. ബലാത്സംഗത്തിന് ഇരകളായ സ്ത്രീകളെ ചികിത്സിച്ച ഡോക്ടർ ആണ് ഡെനിസ് മുക്വജ്. മുറാദിന്റെ മാതാപിതാക്കളേയും ആറ് സഹോദരങ്ങളേയും ഐഎസ് ഭീകരർ കൊലപ്പെടുത്തിയിരുന്നു. മലാല യൂസഫ്‌സായി കഴിഞ്ഞാൽ രണ്ടാമത്തെ പ്രായം കുറഞ്ഞ നൊബേൽ ജേതാവാണ് 25കാരിയായ മുറാദ്.

ഇരുവരും പുരസ്‌കാരത്തിന് അർഹരായെന്ന് ഫോൺ വഴി അറിയിക്കാനുള്ള കമ്മിറ്റിയുടെ ശ്രമം വിജയം കണ്ടില്ല. 2014 ഓഗസ്റ്റിൽ ഇറാഖിലെ കൊച്ചോ ഗ്രാമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് അക്രമം നടത്തി തട്ടിക്കൊണ്ടുപോയ യസീദി യുവതികളിൽ ഒരാളായിരുന്നു മുറാദ്. 2016ൽ യൂറോപ്യൻ യൂണിയന്റെ വിശിഷ്ട പുരസ്‌കാരമായ സഖറോവ് മനുഷ്യാവകാശ പുരസ്‌കാരവും മുറാദ് നേടിയിട്ടുണ്ട്.