സ്റ്റോക്ഹോം: 2021ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. പുരസ്‌കാരം മൂന്ന് പേർ പങ്കിടും. സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ, ജോർജോ പരീസി എന്നിവരാണ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീർണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും വേണ്ട നൂതനമാർഗങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞരാണ് പുരസ്‌കാരത്തിന് അർഹരായത്.

നൊബേൽ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറി (8.2 കോടി രൂപ) ന്റെ പകുതി സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ എന്നിവർക്ക് ലഭിക്കും. ബാക്കി പകുതി തുക പരീസിക്കാണ്.

'സങ്കീർണ്ണ സംവിധാനങ്ങൾ നമുക്ക് മനസിലാക്കാൻ പാകത്തിലാക്കുന്നതിൽ വലിയ മുന്നേറ്റം നടത്തിയതിനാ'ണ് ഇവർ മൂവരും നൊബേലിനർഹരായതെന്ന് - നൊബേൽ കമ്മറ്റിയുടെ വാർത്താക്കുറിപ്പ് അറിയിച്ചു.

ആഗോള താപനത്തെ കുറിച്ചുള്ള ഇവരുടെ പഠനമാണ് ശ്രദ്ധ ആകർഷിച്ചത്. ആദ്യമായാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് നോബേൽ ലഭിക്കുന്നത്. നിലവിലെ കാലാവസ്ഥ പഠന മോഡലുകൾക്ക് അടിസ്ഥാനമുണ്ടാക്കിയത് സുക്കൂറോ മനാബ 1960കളിൽ നടത്തിയ പഠനങ്ങളാണ്.

കാർബൺ ഡയോക്‌സൈഡിന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നത് താപനില ഉയരുന്നതിന് കാരണമാകുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞ ഗവേഷകരിൽ ഒരാളാണ് അദ്ദേഹം. മനാബെയുടെ പഠന റിപ്പോർട്ടുകൾ വന്ന് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ക്ലൗസ് ഹാസ്സൽമാന്റെ പഠനങ്ങൾ നടക്കുന്നത്. കാലാവസ്ഥയെ മനുഷ്യന്റെ ഇടപെടലുകൾ എങ്ങനെ ബാധിക്കുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞവരിൽ ഒരാളാണ് ക്ലോസ് ഹാസിൽമാൻ.

ജപ്പാനിലെ ഷിൻഗുവിൽ 1931 ൽ ജനിച്ച മനാബ, ടോക്യോ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി.നേടിയ കാലാവസ്ഥ ഗവേഷകനാണ്. നിലവിൽ യു.എസ്.എ.യിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ സീനിയർ മീറ്റീരിയോളജിസ്റ്റാണ് അദ്ദേഹം.

ജർമനിയിലെ ഹാംബർഗ്ഗിൽ 1931 ൽ ജനിച്ച ഹാസിൽമാൻ, ജർമനിയിലെ ഗോട്ടിങാം സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡി.നേടി. നിലവിൽ ഹാംബർഗ്ഗിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മീറ്റീരിയോളജിയിൽ പ്രൊഫസറാണ്.

ഇറ്റലിയിലെ റോമിൽ 1948 ൽ ജനിച്ച പരീസി, റോമിലെ സാപിയൻസ സർവ്വകലാശാലയിൽ നിന്നാണ് പി.എച്ച്.ഡി.എടുത്തത്. നിലവിൽ, അതേ സർവകലാശാലയിലെ പ്രൊഫസറാണ്.

കഴിഞ്ഞദിവസം ഡേവിഡ് ജൂലിയസും ആർഡേ പടാപുടെയ്നുമാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടത്. ഇരുവരും അമേരിക്കൻ ശാസ്ത്രജ്ഞരാണ്. ചൂടും, സ്പർശനവും തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങളുടെ കണ്ടെത്തലിനാണ് ഇരുവരും പുരസ്‌കാരത്തിന് അർഹരായത്. നൊബേൽ സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പേൾമാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.