ന്യൂഡൽഹി: രാജ്യത്ത് 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് വാക് പോരുകളുടെ മൂർച്ച് കൂട്ടി ഇരു പാർട്ടികൾ രംഗത്ത് വരുന്നത് പതിവാണെങ്കിലും നിലവിൽ കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയിൽ പെട്ടിരിക്കുകയാണ് കോൺഗ്രസ്. മുൻ കേന്ദ്രമന്ത്രിയായ വിലാസ് റാവു മുട്ടേമർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ചോദിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മോദിയുടെ അമ്മയെ കുറിച്ച് അനാവശ്യ പ്രസ്താവന നടത്തി കോൺഗ്രസ് നേതാവ് രാജ് ബബ്ബാറും സ്വന്തം പാർട്ടിയെ കുഴപ്പത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത വിവാദം.

സമൂഹമാധ്യങ്ങളിൽ വൈറലായി മാറിയിരിക്കുന്ന വീഡിയോ ദൃശ്യത്തിലാണ് വിലാസ് റാവു രാഹുൽ ഗാന്ധിയുടെയും നരേന്ദ്ര മോദിയുടെയും പരമ്പരകളെ കുറിച്ച് പരാമർശിച്ച് സംസാരിച്ചത്. ''ലോകത്തിന് രാഹുൽ ഗാന്ധിയുടെ അച്ഛനെയും മുത്തശ്ശിയെയും അറിയാം. എന്നാൽ നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ആർക്കുമറിയില്ല,'' എന്നാണ് വിലാസ് റാവുവിന്റെ പ്രസ്താവന.

'രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരും മുൻപ് തന്നെ ജനങ്ങൾക്ക് അദ്ദേഹത്തിന്റെ അഞ്ച് തലമുറകളെ കുറിച്ച് അറിയാം. അദ്ദേഹത്തിന് അച്ഛനാരാണെന്ന് ജനങ്ങൾക്ക് അറിയാം- രാജീവ് ഗാന്ധി, മുത്തശ്ശിയാരാണെന്ന് ജനങ്ങൾക്ക് അറിയാം-ഇന്ദിരാഗാന്ധി, മുതുമുത്തശ്ശൻ ആരാണെന്ന് ജനങ്ങൾക്ക് അറിയാം-ജവഹർലാൽ നെഹ്‌റു. നെഹ്‌റുവിന്റെ അച്ഛൻ മോത്തിലാൽ നെഹ്‌റുവിനെ കുറിച്ചും ജനങ്ങൾക്ക് അറിയാം. പക്ഷെ ആരാണ് നരേന്ദ്ര മോദിയുടെ അച്ഛൻ എന്ന് ആർക്കുമറിയില്ല.'' എന്നാണ് വിലാസ് റാവു പറയുന്നത്.

ബിജെപിയുടെ ഐടി സെല്ലിന്റെ ചുമതല വഹിക്കുന്ന അമിത് മാളവ്യയാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രാഹുലിന് കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തെത്താൻ യോഗ്യതയായത് ഗാന്ധി കുടുംബാംഗമായതാണെന്ന് ബിജെപി പ്രധാനമായി വിമർശിക്കുന്നുണ്ട്. അതേസമയം ഈ പാരമ്പര്യത്തെ അഭിമാനമായി കാണുകയാണ് കോൺഗ്രസ് ചെയ്യുന്നത്.

നരേന്ദ്ര മോദിയുടെ ദരിദ്ര ജീവിതാവസ്ഥകളെയാണ് ബിജെപി എക്കാലവും പ്രചാരണ ആയുധമാക്കിയിരിക്കുന്നത്. എന്നാൽ തുടർച്ചയായി മോദിയുടെ കുടുംബത്തെ കുറിച്ച് അനാവശ്യ ചർച്ചകൾ തുടങ്ങിവച്ച് കുഴിയിൽ ചാടുകയാണ് മുൻപും കോൺഗ്രസ് നേതാക്കൾ.