- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി-20 നായക പദവി ഒഴിയരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല; ഏകദിന നായക സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം അറിയിച്ചത് പ്രഖ്യാപനത്തിന് ഒന്നര മണിക്കൂർ മുൻപ്; ഗാംഗുലിയുടെ വാദം തള്ളി വിരാട് കോലി; രോഹിത്തുമായി യാതൊരു പ്രശ്നവുമില്ല; ഇക്കാര്യം പറഞ്ഞ് മടുത്തെന്നും പ്രതികരണം
മുംബൈ: ഇന്ത്യയുടെ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിരാട് കോലി. ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം തന്നെ അറിയിച്ചത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപു മാത്രമാണെന്നും വിരാട് കോലി പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോലിയുടെ വെളിപ്പെടുത്തൽ.
ട്വന്റി-20 നായകസ്ഥാനം ഒഴിയരുതെന്ന് കോലിയോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ അദ്ദേഹം അതിന് തയ്യാറായിരുന്നില്ലെന്നുമാണ് വിവാദമായ വിഷയത്തിൽ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പ്രതികരിച്ചത്. ഇക്കാര്യം സെലക്ടർമാരെ അറിയിച്ചുവെന്നും രണ്ട് വൈറ്റ് ബോൾ ഫോർമാറ്റിന് രണ്ട് നായകരെന്ന രീതിയോട് അവർക്ക് യോജിപ്പില്ലായിരുന്നുവെന്നും അതുകൊണ്ടാണ് രോഹിത്തിനെ ഏകദിന ടീമിന്റെ നായകനാക്കിയതെന്നുമാണ് ഗാംഗുലി നേരത്തെ വെളിപ്പെടുത്തിയത്.
എന്നാൽ ഏകദിന നായകസ്ഥാനത്തു നിന്നും വിരാട് കോലിയെ മാറ്റിയത് ട്വന്റി-20 നായകസ്ഥാനം ഉപേക്ഷിച്ചതിനാലാണെന്ന ഗാംഗുലിയുടെ വാദം ശരിയല്ലെന്നാണ് കോലിയുടെ പ്രതികരണത്തോടെ വ്യക്തമാകുന്നത്. ട്വന്റി-20 നായകസ്ഥാനം ഒഴിയുന്നുവെന്നും തുടർന്നും ഏകദിന, ടെസ്റ്റ് ടീമുകളെ നയിക്കാൻ തയ്യാറാണെന്നുമാണ് ബി.സി.സിഐയെ കോലി അറിയിച്ചത്. ആ തീരുമാനം ബി.സി.സിഐ സ്വാഗതം ചെയ്യുകയായിരുന്നു.
ഏകദിന നായകസ്ഥാനത്ത് തുടരേണ്ടെന്നാണ് തീരുമാനമെങ്കിൽ അതിൽ തനിക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. അക്കാര്യം അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. അതു തന്നെ നേരത്തെ അറിയിക്കാമായിരുന്നെന്നും കോലി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്. അതേ സമയം ഇന്ത്യൻ ട്വന്റി20, ഏകദിന ടീമുകളുടെ പുതിയ നായകൻ രോഹിത് ശർമയുമായി യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും വിരാട് കോലി വ്യക്തമാക്കി.
രോഹിത് ശർമയും കോലിയും തമ്മിൽ അത്ര സ്വരച്ചേർച്ചയിലല്ലെന്ന റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് കോലി ഈ വിഷയത്തിൽ മനസ്സു തുറന്നത്. 'ഞാനും രോഹിത് ശർമയും തമ്മിൽ യാതൊരു പ്രശ്നവുമില്ല. ഇക്കാര്യം കഴിഞ്ഞ രണ്ടര വർഷത്തിനിടെ പലതവണ ഞാൻ വിശദീകരിച്ചതാണ്. സത്യത്തിൽ ഇതേ കാര്യം പറഞ്ഞുപറഞ്ഞ് മടുത്തു. ക്രിക്കറ്റിൽ സജീവമായിരിക്കുന്നിടത്തോളം കാലം ടീമിനെ പിന്നോട്ടുവലിക്കുന്ന യാതൊരു പ്രവർത്തിയും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്നു. ഇന്ത്യൻ ക്രിക്കറ്റിനോടുള്ള എന്റെ ഉത്തരവാദിത്തമാണത്' കോലി വ്യക്തമാക്കി.
നായകസ്ഥാനം ഒഴിയുന്നതുകൊണ്ട് ബാറ്റിങ്ങിൽ കൂടുതൽ മെച്ചപ്പെടാൻ കഴിയുമോ എന്ന് തനിക്ക് പറയാൻ കഴിയില്ല. നായകസ്ഥാനം വഹിച്ചുകൊണ്ട് ബാറ്റ് ചെയ്യുന്നതിൽ അഭിമാനമുണ്ടായിരുന്നു. നായകസ്ഥാനത്ത് തുടർന്നപ്പോൾ ആത്മാർത്ഥയോടെ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും കോലി പറഞ്ഞു. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തുടർന്നും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ലെന്ന റിപ്പോർട്ടുകളും കോലി തള്ളി. ഇതെല്ലാം ചിലരുടെ ഭാവനകൾ മാത്രമാണെന്നും, ഏകദിന പരമ്പരയിൽനിന്ന് വിശ്രമം ആവശ്യപ്പെട്ട് ബിസിസിഐയെ സമീപിച്ചിട്ടില്ലെന്നും കോലി വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടുന്നതിനു മുൻപ്, പതിവുള്ള വാർത്താ സമ്മേളനത്തിലാണ് രോഹിത് ശർമയുമായി പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ട് കോലി തള്ളിയത്. ഇന്ത്യൻ ക്രിക്കറ്റിനെ ശരിയായ ദിശയിൽ നയിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നു പറഞ്ഞ കോലി, ഇക്കാര്യത്തിൽ രോഹിത് ശർമയ്ക്കും രാഹുൽ ദ്രാവിഡിനും തന്റെ പൂർണ പിന്തുണയും ഉറപ്പുനൽകി.
'ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ശരിയായ ദിശയിൽ നയിക്കുകയാണ് എന്റെ കർത്തവ്യം. ഇക്കാര്യത്തിൽ രോഹിത് ശർമയ്ക്കും രാഹുൽ ഭായിക്കുമൊപ്പം എന്നും ഞാനുമുണ്ടാകും. ടീമിനെ നയിക്കുന്നതിൽ ഇരുവർക്കും എന്റെ സമ്പൂർണ പിന്തുണയുണ്ടാകും' കോലി പറഞ്ഞു.
നേരത്തേ, ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനം ഒഴിയാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വിരാട് കോലിക്ക് 48 മണിക്കൂർ സമയം അനുവദിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, കോലി പ്രതികരിക്കാതിരുന്നതിനെ തുടർന്നാണ് അദ്ദേഹത്തെ മാറ്റി രോഹിത് ശർമയെ ഏകദിന ടീമിന്റെയും നായകനായി പ്രഖ്യാപിച്ചതെന്നും പ്രചാരണമുണ്ടായി. ഈ സാഹചര്യത്തിലാണ് വിരാട് കോലിയുടെ പ്രതികരണം.
'ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് സിലക്ടർമാർ എന്നെ ബന്ധപ്പെട്ടത്. അതല്ലാതെ മുൻകൂട്ടി യാതൊരു വിധ അറിയിപ്പുമുണ്ടായിരുന്നില്ല. ചീഫ് സിലക്ടർ ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ചു. ഏറ്റവുമൊടുവിലാണ് എന്നെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം അറിയിച്ചത്. ഞാൻ ശരിയെന്നും പറഞ്ഞു. അതല്ലാതെ മുൻകൂട്ടി ഒന്നും അറിയിച്ചിരുന്നില്ല' കോലി വെളിപ്പെടുത്തി.
'ഏകദിന പരമ്പരയിൽ കളിക്കാൻ ഞാനുണ്ടാകും. ഇത്തരം ചോദ്യങ്ങൾ എന്നോട് ചോദിക്കരുത്. ഇതെല്ലാം എഴുതി വിടുന്നവരോടു ചോദിക്കൂ. ഞാൻ എപ്പോഴും കളിക്കാൻ തയാറാണ്. ഇതിനു മുൻപും ഇത്തരം അസത്യങ്ങൾ ഇവിടെ പ്രചരിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ എഴുതുന്നത് ആരായാലും അവർക്ക് ഈ വിവരങ്ങൾ ലഭിക്കുന്നത് ശരിയായ ഇടങ്ങളിൽനിന്നല്ലെന്ന് പറയേണ്ടിവരും. ഏകദിന പരമ്പരയിൽനിന്ന് എനിക്ക് വിശ്രമം വേണമെന്ന് ഒരുഘട്ടത്തിലും ഞാൻ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടില്ല' കോലി പറഞ്ഞു.
സ്പോർട്സ് ഡെസ്ക്