ലണ്ടൻ: കോവീഷീൽഡ് വാക്‌സിൻ എടുത്തവർക്ക് ബ്രിട്ടനിൽ ക്വാറന്റീർ ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചതോടെ വിശദീകരണവുമായി ബ്രിട്ടൻ രംഗത്തു വന്നു. ആസ്ട്രസെനകയുമായി സഹകരിച്ചു നിർമ്മിച്ച കോവിഷീൽഡ് വാക്‌സിൻ അംഗീകരിക്കുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിൽ സംശയം നിലനിൽക്കുന്നുണ്ട് എന്നാണ് ബ്രിട്ടന്റെ വിശദീകരണം. ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണെന്ന് യുകെ ഹൈക്കമ്മീഷണർ വ്യക്തമാക്കി.

ഇന്ത്യ നൽകുന്ന കോവിഡ് സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്താതെ നിർബന്ധിത ക്വാറന്റീൻ പിൻവലിക്കാൻ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയത്. യുകെ മാനദണ്ഡപ്രകാരം കോവിഡ് സർട്ടിഫിക്കറ്റിൽ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാൽ ഇന്ത്യ സർട്ടിഫിക്കറ്റിൽ നൽകുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല എന്നാണ് യുകെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സർട്ടിഫിക്കറ്റ് തിരുത്തിയാൽ മാത്രമേ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കുകയുള്ളൂ എന്ന് ബ്രിട്ടൻ വ്യക്തമാക്കി.

തീരുമാനം പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇന്ത്യ യുകെയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോവിഷീൽഡ് വാക്‌സിന്റെ കാര്യത്തിൽ യുകെ ചെറിയ തോതിൽ നിലപാട് മാറ്റം വരുത്തിയത്. എന്നാൽ കോവിഡ് സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താതെ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കിയേക്കില്ലെന്നാണ് വിവരം. ഇന്ത്യയിൽ നിന്ന് കോവിഡ് വാക്‌സിനെടുത്തവർ രാജ്യത്തെത്തിയാൽ പത്ത് ദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്ന നിർദ്ദേശം ബ്രിട്ടൻ പുറപ്പെടുവിച്ചിരുന്നു. യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്നും ബ്രിട്ടൻ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

വിഷയത്തിൽ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ്ട്രസുമായി ചർച്ച നടത്തി. പ്രതിഷേധം അറിയിച്ചുള്ള കുറിപ്പ് ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് നൽകി. പ്രശ്‌നം ചർച്ച ചെയ്ത് തീർക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. ബ്രിട്ടന്റെ ഇപ്പോഴത്തെ നീക്കം ഇന്ത്യ തദ്ദേശീയമായി വാക്‌സീൻ വികസിപ്പിച്ചതിലെ ചില രാജ്യങ്ങളുടെ അസ്വസ്ഥതയ്ക്ക് ഉദാഹരണമായാണ് വിദേശകാര്യ മന്ത്രാലയം കാണുന്നത്. അതിനാൽ തന്നെ കൊവിഷീൽഡ് വാക്‌സീൻ എടുത്ത ഇന്ത്യക്കാർക്ക് യുകെയിൽ ക്വാറന്റീൻ ഏർപ്പെടുത്തിയ നടപടി പിൻവലിച്ചെങ്കിൽ ഇന്ത്യയിലെത്തുന്ന യുകെ പൗരന്മാർക്ക് അടുത്തയാഴ്‌ച്ച മുതൽ ക്വാറന്റീൻ ഏർപ്പെടുത്താനാണ് നീക്കം.

നേരത്തെ അസ്ട്രാ സെനേക വാക്‌സിന്റെ ഇന്ത്യൻ രൂപമായ കോവിഷീൽഡ് സ്വീകരിച്ച ശശി തരൂരിന് യുകെയിൽ എത്തുമ്പോൾ പത്തു ദിവസം ഹോം ക്വാറന്റീൻ വേണമെന്ന നിബന്ധന അംഗീകരിക്കാൻ ആകാതെ കേംബ്രിഡ്ജിൽ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കി കൊണ്ടാണ് തരൂർ പ്രതികരിച്ചിരുന്നത്. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച ബ്രിട്ടീഷുകാർക്കു ഇന്ത്യയിൽ പോയി മടങ്ങി വന്നാൽ ഹോം ക്വാറന്റീൻ വേണ്ടെന്ന നിർദ്ദേശം വന്നതോടെയാണ് ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ഇന്ത്യൻ രൂപം സ്വീകരിച്ചവർ രണ്ടാം തരക്കാരായി കാണുന്നതിനെ തരൂർ എതിർക്കുന്നത്.

ഇന്ത്യ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിൽ എത്തിയപ്പോൾ ഇന്ത്യയിൽ പോയി മടങ്ങി വരുമ്പോൾ ഹോട്ടൽ ക്വാറന്റീൻ വേണ്ടെന്ന നിർദ്ദേശം മൂലം ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ മാസം കേരളത്തിൽ പോയി മടങ്ങി എത്തിയത്. എന്നാൽ ഈ ഘട്ടത്തിലും മടങ്ങി എത്തി വീട്ടിൽ തന്നെ ക്വാറന്റീൻ പൂർത്തിയാക്കുകയോ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സ്വന്തമാക്കുകയോ ആവശ്യമായിരുന്നു.

പക്ഷെ ഒക്ടോബർ നാലാം തിയതി മുതൽ ട്രാഫിക് ലൈറ്റ് സിസ്റ്റം തന്നെ അടിമുടി മാറാനിരിക്കെ ഏതു വാക്‌സിൻ ആയാലും രണ്ടു ഡോസ് എടുത്തവർക്കു കർശന നിയന്ത്രണം ഒഴിവാക്കണമെന്നാണ് അന്തരാഷ്ട്ര തലത്തിൽ ഉയരുന്ന വാദം. പക്ഷെ അസ്ട്രാ സെനേക എടുത്തവർക്കു യുകെയിൽ ഒരു നിയന്ത്രണവും ഇല്ലാതിരിക്കെ അതേ വാക്‌സിന്റെ ഇന്ത്യൻ രൂപം സ്വീകരിച്ചവരെ വിവേചനത്തോടെ കാണുന്ന നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് തരൂരിന്റെ നിലപാട്. വാക്‌സിന്റെ പേരിൽ ഒരു കാരണവശാലും ആരും രണ്ടാം കിട പൗരന്മാരാകരുത് എന്നും അദ്ദേഹം വാദിക്കുന്നു. തരൂർ കേംബ്രിഡ്ജിൽ പ്രസംഗിക്കാനിരുന്ന ചടങ്ങ് ഉപേക്ഷിച്ചതും അന്തരാഷ്ട്ര തലത്തിൽ വാർത്തയുടെ പ്രധാന്യം കൂട്ടി.

ഇതോടെ ഇന്ത്യയിൽ നിന്നും ബ്രിട്ടന് മേൽ കനത്ത സമ്മർദം ഉയരുകയാണ്. ഒട്ടുമിക്ക മാധ്യമങ്ങളും തരൂർ യാത്ര റദ്ദാക്കിയതിനു വലിയ രാഷ്ട്രീയ പ്രധാന്യമാണ് നൽകുന്നത്. ഈ വിവേചനം ഇപ്പോൾ ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിക്കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയും ബാധിക്കുകയാണ്. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ക്വാറന്റീൻ സംബന്ധിച്ച നിർദേശങ്ങളും ലഭിക്കുന്നുണ്ട്.-