സോഷ്യൽ മീഡിയയെ വിരൽത്തുമ്പിലെത്തിച്ച സ്മാർട്ട്‌ഫോൺ വിപ്ലവത്തിന്റെ കാലമാണിത്. എന്നാൽ, ഇക്കാലത്തും ചിലരെങ്കിലും ടച്ച് സ്‌ക്രീൻ ഫോണുകളെ വെറുക്കുന്നുണ്ട്. പെട്ടെന്ന് തീർന്നുപോകുന്ന ബാറ്ററിയും വലിപ്പക്കൂടുതലും ആധുനികതയോടുള്ള പുച്ഛഭാവവുമൊക്കെ ആ വെറുപ്പിൽ സമ്മേളിക്കും. അതൊക്കെ പണ്ട് എന്ന് പറഞ്ഞ് ദീർഘനിശ്വാസം വിടുന്നവർക്ക് ഇനി ആശ്വസിക്കാം. നോക്കിയയയുടെ പഴയ 3310 മോഡൽ ഫോൺ തിരിച്ചുവരുന്നു.

ഒരുകാലത്ത് ലോകത്തെ മൊബൈൽ വിപണി അടക്കിഭരിക്കുകയും എന്നാൽ, പിന്നീട് ആൻഡ്രോയ്ഡ് ഫോണുകളുടെ വരവോടെ തകർന്നടിയുകയും ചെയ്ത നോക്കിയ തിരിച്ചുവരവിനുള്ള ശ്രമം കൂടിയാണ് ഇതിലൂടെ നടത്തുന്നത്.. ചെറിയ ഫോണുകൾ ആകർഷകമായിരുന്ന കാലത്ത് നോക്കിയയുടെ ശക്തികളിലൊന്നായിരുന്ന 3310 മോഡൽ അവർ വീണ്ടും അവതരിപ്പിക്കുകയാണ്.

ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ നോക്കിയ ഇതവതരിപ്പിച്ചു. 2000-ലാണ് നോക്കിയ 3310 മോഡൽ ആദ്യമായിറക്കുന്നത്. 17 വർഷം കഴിഞ്ഞ് ഫോൺ തിരിച്ചുകൊണ്ടുവരുമ്പോൾ, ഒരുമാസം നീണ്ടുനിൽക്കുന്ന ബാറ്ററിയും 22 മണിക്കൂർ സംസാരസസമയവും വാഗ്ദാനം ചെയ്യുന്നു. 'പാമ്പ് ആപ്പിൾ തിന്നുന്ന' ആ പഴയ ഗെയിമും പുതിയ ഫോണിലും നോക്കിയ അവതരിപ്പിക്കുന്നുണ്ട്.

പഴയ 3310യെ അനുസ്മരിപ്പിക്കുന്നതാണ് രൂപമെങ്കിലും അത്യാവശ്യം പുതുമകളൊക്കെ പുതിയ ഫോണിൽ വരുത്തിയിട്ടുണ്ട്. കളർ ഡിസ്‌പ്ലേയാണുള്ളത്. രണ്ട് മെഗാപ്ക്‌സലാണ് ക്യാമറ. ചെറിയതോതിൽ ഇന്റർനെറ്റ് ഉപയോഗിക്കാനുമാവും. ത്രിജിയെക്കാൾ പതുക്കെ മാത്രമേ നെറ്റ് കിട്ടൂവെന്നുമാത്രം. 2005വരെ നിലവിലുണ്ടായിരുന്ന 3310 മോഡൽ ലോകത്താകെ 12.60 കോടി സെറ്റുകളാണ് വിറ്റഴിഞ്ഞത്. ഫിൻലൻഡ് കമ്പനിയായ എച്ച്.എം.ഡി ഗ്ലോബലാണ് പുതിയ ഫോൺ വിപണിയിലിറക്കുന്നത്.