ദുബായിലെ ടാക്‌സികളിൽ  നോൽ കാർഡ്, ക്രെഡിറ്റ് കാർഡ് സംവിധാനം ഏർപ്പെടുത്തി. ഇനിമുതൽ പേഴ്‌സ് എടുക്കാൻ മറന്നാലും പോക്കറ്റിൽ പണമില്ലെങ്കിലും കാർഡുണ്ടെങ്കിൽ ടെൻഷനടിക്കാതെ യാത്ര ചെയ്യാം. ഈ വർഷം അവസാനത്തോടെ മുഴുവൻ ടാക്‌സികളിലും ഈ സംവിധാനം ലഭ്യമാക്കാനാണ് അധികൃതരുടെ തീരുമാനം.

നിലവിൽ മെട്രോയിലും ബസുകളിലും യാത്ര ചെയ്യുവാൻ റീ ചാർജ് ചെയ്തു ഉപയോഗിക്കാവുന്ന കാർഡാണ് നോൽ കാർഡ്. ഈ സംവിധാനമാണ് ഇനിമുതൽ ടാക്‌സികളിലും ലഭ്യമാവുക. എന്നാൽ മെട്രോയിലും ബസിലും കയറുമ്പോഴും ഇറങ്ങുമ്പോഴും സ്വൈപ് ചെയ്യുന്നതുപോലെ ടാക്‌സികളിൽ ചെയ്യേണ്ടതില്ല. യാത്ര അവസാനികകുമ്പോൾ ഡ്രൈവറെ സമീപിച്ചാൽ മതിയാകും. ജിപിഎസ് സംവിധാനത്തിലൂടെ ടാക്‌സി ചാർജ്ജ് നിശ്തയിക്കുന്ന സ്മാർട്ട് മീറ്ററുകളും കേൾവി വൈകല്യമുള്ളവർക്കു ഡ്രൈവറുമായി ആശയവിനിമയം നടത്താനുള്ള സംവിധാനവും ടാക്‌സികളിൽ ഉണ്ടാകും.

9500 ടാക്‌സികളാണ് ദുബായിൽ സർവ്വീസ് നടത്തുന്നത്. ഇതിൽ 8000ത്തോളം ടാക്‌സികളിൽ ഇതിനകം തന്നെ ഈ സംവിധാനം ഏർപ്പെടുത്തിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി വ്യക്തമാക്കുന്നു. കൂടാതെ എൻഎഫ്‌സി സൗകര്യമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചും പണം നൽകാൻ കഴിയുമെന്ന് അഥോറിറ്റി പറയുന്നു. നോൽ കാർഡ് ഉപയോഗിക്കുമ്പോൾ ഒരു ദിർഹവും ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ രണ്ടു ദിർഹവുമാണ് സർവ്വീസ് ചാർജ്ജായി ഈടാക്കുക.