ദുബൈ: ദുബായിയെ സ്മാർട്ട് നഗരമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിനഗരസഭക്ക് കീഴിലെ പാർക്കുകളിലേക്കുള്ള പ്രവേശന ഫീസും അടുത്തവർഷം മുതൽ നോൽ കാർഡ് വഴി അടക്കാൻ സംവിധാനം വരുന്നു. നോൽ കാർഡിലൂടെ ഈടാക്കുന്ന ഫീസ് ആർ.ടി.എ ദുബൈ നഗരസഭക്ക് കൈമാറും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ആർ.ടി.എയും ദുബൈ നഗരസഭയും ഒപ്പിട്ടു.

നിലവിൽ മെട്രോ, ട്രാം, ബസ് യാത്രക്കും പാർക്കിങ് ഫീസ് അടക്കാനുമാണ് നോൽ കാർഡ് ഉപയോഗിച്ചുവരുന്നത്.അടുത്തവർഷം മുതൽ അൽ മംസാർ പാർക്ക്, സഅബീൽ പാർക്ക്, മുശ്രിഫ് പാർക്ക്, ക്രീക്ക് പാർക്ക് എന്നിവിടങ്ങളിലെ പ്രവേശ ഫീസും നോൽ കാർഡിലൂടെ അടക്കാൻ സാധിക്കും.

പാർക്കുകളിലെ പ്രവേശ കവാടത്തിൽ സ്ഥാപിച്ച സ്മാർട്ട് ഗേറ്റിൽ നോൽ കാർഡ് സ്വൈപ് ചെയ്താൽ അകത്തുകടക്കാം. പാർക്കുകളോട് ചേർന്ന് നോൽ കാർഡ് വിൽപനക്കും റീചാർജ് ചെയ്യാനും ആർ.ടി.എ സൗകര്യമൊരുക്കും.