- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയത് രാഷ്ട്രീയ പ്രേരിതം; പിന്നിൽ സിപിഎം സമ്മർദ്ദം; വരണാധികാരിയുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും; ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥി എസ്.ഗണേശനെ പിന്തുണക്കും; തലശേരിയിലും ഗുരുവായൂരും എൻഡിഎയ്ക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ
തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിന്റെ സമ്മർദം മൂലമാണ് നടപടി. നിയമപരമായി നേരിടും. എൻഡിഎക്ക് മൂന്നിടത്തും സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു.
സൂക്ഷ്മപരിശോധനയിൽ സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയിരുന്നു. തലശേരിയിൽ എൻ.ഹരിദാസിന്റെയും ഗുരുവായൂരിൽ നിവേദിതയുടെയും ദേവികുളത്ത് അണ്ണാ ഡിഎംകെയിലെ ആർ.എം.ധനലക്ഷ്മിയുടെയും പത്രികളാണ് വരണാധികാരികൾ തള്ളിയത്.
പത്രികയിലെ അപാകതകളാണ് തള്ളാൻ കാരണം. നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിജെപി വ്യക്തമാക്കി. അതേസമയം, ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥി എസ്.ഗണേശനെ പിന്തുണയ്ക്കാനാണ് എൻഡിഎ തീരുമാനം.
2016 ൽ 22,125 വോട്ടു നേടിയ തലശേരിയിലും 25,490 വോട്ടുനേടിയ ഗുരുവായൂരിലുമാണ് ബിജെപിക്ക് ഇത്തവണ സ്ഥാനാർഥയില്ലാതായത്. 2016ൽ അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിയായി 11,613 വോട്ടുനേടിയ ധനലക്ഷ്മി ഇത്തവണ എൻഡിഎയ്ക്കുവേണ്ടിയാണ് മൽസരത്തിനിറങ്ങിയത്.
സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിച്ചുകൊണ്ട് പാർട്ടി ദേശീയ അധ്യക്ഷന്റെ ഒപ്പോടു കൂടി നൽകേണ്ട ഫോം എ കൃത്യമായി സമർപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശേരിയിൽ വരണാധികാരിയുടെ നടപടി. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റുകൂടിയാണ് സ്ഥാനാർത്ഥി എൻ.ഹരിദാസ്. വരണാധികാരി വിവേചനാധികാരം ദുരുപയോഗം ചെയ്തെന്ന് എൻ.ഹരിദാസ് ആരോപിച്ചു. മഹിള മോർച്ച സംസ്ഥാന അധ്യക്ഷയായ നിവേദിത സുബ്രഹ്മണ്യന്റെ പത്രികയിൽ സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാൻ കാരണം.
പത്രികയ്ക്കൊപ്പമുള്ള ഫോമിൽ സ്ഥാനാർത്ഥിയുടെ ഒപ്പ് രേഖപ്പെടുത്താത്തതാണ് ദേവികുളത്ത് ആർ. എം. ധനലക്ഷ്മിക്ക് തിരിച്ചടിയായത്. അണ്ണാ ഡിഎംകെയുടെ ഡമ്മി സ്ഥാനാർത്ഥിയുടെയും പത്രിക തള്ളി. വരണാധികാരികളുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സ്ഥാനാർത്ഥികൾ പറഞ്ഞു.
കേരളത്തിൽ അധികാരം പിടിക്കുമെന്ന അവകാശവാദവുമായെത്തിയ ബിജെപിക്ക് നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയിൽ തിരിച്ചടിയേറ്റത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. തലശ്ശേരിയിലും ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിന് പിന്നാലെ ഗുരുവായൂരിലും ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക കൂടി തള്ളിയതോടെ ബിജെപി സംസ്ഥാന നേതൃത്വം കടുത്ത പ്രതിരോധത്തിലായി.
തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ ബിജെപി- എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതോടെ മൂന്ന് മണ്ഡലങ്ങളിലെയും ഇടത് വലത് മുന്നണികളുടെ സാധ്യതകൾ മാറിമറിയും. കോന്നി സീറ്റിന് വേണ്ടി ആറന്മുളയിലും, ചെങ്ങന്നൂരിലും സിപിഎം-ബിജെപി ഡീൽ സംശയിച്ച് ആർഎസ്എസ് സൈദ്ധാന്തികൻ ആർ.ബാലശങ്കറിർ ഉയർത്തിയ ആരോപണം കെട്ടടങ്ങും മുമ്പാണ് കോ-ലീ-ബി സഖ്യത്തെ കുറിച്ചുള്ള ഒ.രാജഗോപാലിന്റെ ഓർമ്മപ്പെടുത്തലുകൾ വന്നത്. ഇതിന് പിന്നാലെ സിപിഎമ്മിന്റെ മൂന്ന് സിറ്റിങ് സീറ്റുകളിൽ എൻഡിഎയുടെ പത്രിക തള്ളിയതോടെ വലിയ ചർച്ചാവിഷയമായിരിക്കുന്നത്. ഇതോടെ ഡീലോ, അതോ കോ-ലീ-ബിയോ എന്ന തരത്തിൽ ചെളിവാരിയെറിയൽ തുടങ്ങി കഴിഞ്ഞു.
ഇവിടെയെല്ലാം ബിജെപിയുടെ ഡമ്മി സ്ഥാനാർത്ഥികളുടെ പത്രികയും സ്വീകരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദിശ നിർണയിക്കുന്ന സംഭവം കൂടിയാണ് 'പത്രിക തള്ളൽ'. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലശേരിയിൽ ഈ മാസം 25ന് പ്രചാരണത്തിനെത്താനിരിക്കെയാണ് ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്. ഇതോടെ പാർട്ടി ആകെ ബേജാറിലായി. പത്രികയിൽ (ഫോം എ) ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാലാണ് തള്ളിയത്. കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസാണ് തലശേരിയിലെ സ്ഥാനാർത്ഥി. സ്ഥാനാർത്ഥിയില്ലാതായതോടെ അമിത് ഷാ തലശേരി സന്ദർശനം ഒഴിവാക്കും. സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാൽ ഗുരുവായൂരിലെ സ്ഥാനാർത്ഥിയായ മഹിളാമോർച്ച അധ്യക്ഷ നിവേദിതയുടെ പത്രികയും തള്ളി. ഒപ്പിന്റെ കാര്യത്തിൽ പാർട്ടിയിലും വിവാദം പുകയുകയാണ്. ചിലയിടങ്ങളിൽ മാത്രം എങ്ങനെ ഒപ്പില്ലാതായി എന്നതാണ് ചോദ്യം. സമയം അവസാനിക്കുന്നതിനു മുൻപ് പകരം കത്തു നൽകാൻ കഴിയാത്തതെന്തെന്നും ചോദ്യമുയരുന്നു.
ബിജെപിക്ക് കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വോട്ടുകളുള്ള മണ്ഡലമാണ് തലശേരി. ഇടതുപക്ഷം മാത്രം ജയിക്കുന്ന തലശ്ശേരിയിൽ ജയപരാജയം നിർണയിക്കുന്ന വിധത്തിലേക്ക് ബിജെപി വോട്ടുകൾ മാറാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ സിപിഎമ്മിലെ എ എൻ ഷംസീർ 70,741 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി എ പി അബ്ദുല്ലക്കുട്ടി 36,624 വോട്ടും ബിജെപി പ്രതിനിധി വി കെ സജീവന് 22,125 വോട്ടുകളുമാണ് ലഭിച്ചത്. ഭൂരിപക്ഷം 34,117. ഇവിടെ ബിജെപി വോട്ടുകൾ മുൻ വർഷത്തേതിനേക്കാൾ വർധിച്ചിരുന്നു
കോൺഗ്രസിന് വോട്ട് മറിക്കാനാണ് ബിജെപി പത്രികയിൽ പിഴവ് വരുത്തിയതെന്ന ആരോപണവുമായി എം.വി ജയരാജൻ രംഗത്തെത്തിയിരുന്നു. തലശ്ശേരിയിൽ ബിജെപി സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ പത്രിക തള്ളിയത് അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ലെന്നും കോൺഗ്രസുമായുള്ള വോട്ടുകച്ചവടത്തിനാണ് ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികയിൽ പിഴവ് വരുത്തിയതെന്നും ജയരാജൻ ആരോപിച്ചു.
ബിജെപിക്ക് മറ്റ് മണ്ഡലങ്ങളിലൊന്നും സംഭവിക്കാത്ത പാളിച്ച തലശ്ശേരിയിൽ മാത്രം എങ്ങനെയുണ്ടായെന്നും സംഭവത്തിൽ അന്തർധാര സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ എൻ. ഹരിദാസിന്റെ പത്രികയായിരുന്നു സൂക്ഷ്മ പരിശോധനയിൽ വരണാധികാരി തള്ളിയത്. സത്യവാങ്മൂലത്തോടൊപ്പം സമർപ്പിക്കേണ്ട ഒറിജിനൽ രേഖകൾക്കു പകരം പകർപ്പ് സമർപ്പിച്ചതും സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്നതും പത്രിക തള്ളാൻ കാരണമായിരുന്നു.
എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്ക് തെളിവെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. അധികാരം നിലനിർത്താൻ വർഗീയ ശക്തികളുമായി ചേർന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്.സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്.
സിപിഎമ്മിന്റെ പ്രമുഖർ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുർബലരായ സ്ഥാനാർത്ഥികളെയാണ് ബിജെപി നിർത്തിയിട്ടുള്ളത്. പകരം സിപിഎമ്മും സമാനനിലപാടാണ് സ്വീകരിച്ചത്. അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്.വികസന നേട്ടം അവകാശപ്പെടാനില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്നതിനാണ് സിപിഎം ബിജെപിയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തിയത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീൽ ആർഎസ്എസ് നേതാവ് ആർ.ബാലശങ്കർ വെളിപ്പെടുത്തിയതിന് പിന്നാലെ എൻഎഡിഎ സ്ഥാനാർത്ഥി പുന്നപ്ര-വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ന്യൂസ് ഡെസ്ക്