- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും വീട്ടിൽ കയറ്റാത്ത കേസ്: ഭർത്താവിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ഭാര്യക്കും കുഞ്ഞിനും സംരക്ഷണം നൽകണമെന്ന നിർദ്ദേശവും മനുകൃഷ്ണൻ തള്ളി; സംഭവത്തിൽ കേസ് എടുത്ത് വനിതാ കമ്മീഷനും
പാലക്കാട്: ഭർതൃവീട്ടിന്റെ സിറ്റ് ഔട്ടിൽ കുഞ്ഞുമായി യുവതിക്ക് കഴിയേണ്ടി വ സംഭവത്തിൽ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹേമാംബിക നഗർ പൊലീസ് കേസെടുത്തു. ഭാര്യക്കും കുഞ്ഞിനും സംരക്ഷണം നൽകണമെന്ന വനിത സംരക്ഷണ ഓഫീസറുടെ ഉത്തരവ് ലംഘിച്ചതിനാണ് മനു കൃഷ്ണനെതിരെ കേസെടുത്തത്
സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഫോൺ വഴി യുവതിയുടെ വിശദമായ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തി. കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി ഫോണിൽ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് ആവശ്യമായ സംരക്ഷണം നൽകാൻ വനിത പ്രൊട്ടക്ഷൻ ഓഫീസർമാർക്കും ഹേമാംബിക പൊലീസിനും വനിതാ കമ്മീഷൻ നിർദ്ദേശം നൽകി.
ഭർത്താവു വീട്ടിൽ കയറ്റാത്തതിനാൽ 3 മാസം പ്രായമുള്ള പെൺകുഞ്ഞുമായി അമ്മ ഒരാഴ്ചയായി താമസിക്കുന്നതു വീടിന്റെ സിറ്റൗട്ടിലാണ്. പത്തനംതിട്ട സ്വദേശി ശ്രുതിയും (24)യാണ് കുഞ്ഞുമൊത്ത് വരാന്തയിൽ കഴിയേണ്ടി വന്നത്.
ഗാർഹിക പീഡനത്തിന് പുറമേ തനിക്ക് ഭർതൃവീട്ടിൽ ജാതി വിവേചനവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് സമുദായക്കാരായതിനാൽ തന്നെ തനിക്ക് പ്രത്യേകം പ്ലേറ്റിലും ഗ്ലാസിലുമാണ് ഭക്ഷണം നൽകിയിരുന്നത് എന്നും തന്റെ അച്ഛനും അമ്മയും വരുമ്പോഴും ഇതേ രീതിയിലാണ് പെരുമാറ്റമെന്നും ശ്രുതി ആരോപിക്കുന്നു.
'ഇതിനുള്ളിൽ എന്നെ കയറ്റാതിരിക്കാൻ എന്റെ ഭാഗത്ത് എന്താണ് തെറ്റ് എന്ന് അവർ പറയുന്നില്ല. എനിക്ക് ഇവിടെ താമസിക്കണം. എന്റെ കുട്ടിയുടെ അച്ഛനാണത്. ഞാൻ ഇവിടെ വരുമ്പോൾ അവര് മുങ്ങും. കാരണം പറഞ്ഞാൽ ഞാൻ പോകാം. ജൂലൈയിൽ ആണ് കല്ല്യാണം കഴിഞ്ഞത്. അന്നൊക്കെ നല്ല സ്നേഹത്തിൽ ആയിരുന്നു. കല്ല്യാണം കഴിഞ്ഞപ്പോൾ പാല് കൊടുക്കൽ ചടങ്ങ് പോലും അമ്മ ഒഴിവാക്കി. അമ്മക്ക് ഭയങ്കര ജാതി വിവേചനം ഉണ്ടായിരുന്നു. ഞങ്ങൾ രണ്ട് സമുദായത്തിൽപ്പെട്ടവരാണ്. പ്രത്യേകം പ്ലേറ്റിലും ഗ്ലാസിലുമാണ് എനിക്ക് ഭക്ഷണം തന്നത്. എന്റെ അച്ഛനും അമ്മയും വന്നപ്പോഴും അങ്ങനെ തന്നെയാണ് പെരുമാറിയത്.' ശ്രുതി ആരോപിച്ചു. വാരശൈവ സമുദായത്തിൽ പെട്ടയാളാണ് ശ്രുതി. പിഷാരടി സമുദായമാണ് ഭർത്താവിന്റേത്.
താൻ ഗർഭിണിയായപ്പോൾ അബോർഷൻ ചെയ്യാനും ഭർത്താവിന്റെ അമ്മ നിർബന്ധിച്ചുവെന്നും എന്നാൽ താൻ തയ്യാറായിരുന്നില്ലെന്നും ശ്രുതി വ്യക്തമാക്കി. ഇതിനകം മനു കൃഷ്ണനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഹേമാംഹിക നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭർത്താവ് വീട് പൂട്ടി പോയെന്നാണ് ശ്രുതിയുടെ പരാതി. ശേഷമാണ് ശ്രുതി കുഞ്ഞുമൊത്ത് വീടിന്റെ സിറ്റൗട്ടിൽ താമസമാക്കിയത്.
വിവാഹമോചനം ആവശ്യപ്പെട്ടും മറ്റും ഭർത്താവ് ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും പറയുന്നു. ഇൻസ്പെക്ടർ എ.സി. വിപിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. യുവതിക്കും കുഞ്ഞിനും സംരക്ഷണം നൽകണമെന്ന കോടതി നിർദ്ദേശം പാലിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ പൊലീസ് ഇടപെട്ടു ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ സഹായം നൽകുമെന്നും കോടതി ഉത്തരവു ലഭിച്ചാൽ വീട്ടിൽ പ്രവേശിപ്പിക്കാൻ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ആരോപണങ്ങളൊന്നും ശരിയല്ലെന്നും തിരിച്ചാണ് ഉപദ്രവമെന്നും ഭർത്താവ് മനു കൃഷ്ണൻ ആരോപിക്കുന്നത്. കേസു നിൽക്കുന്നതിനാൽ അതു കഴിഞ്ഞ ശേഷം മറ്റു കാര്യങ്ങൾ പരിഗണിക്കാമെന്നും മനു കൃഷ്ണൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ