തിരുവനന്തപുരം: മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുള്ള മാർഗ നിർദ്ദേശം പൊതുഭരണ വകുപ്പ് പുറത്തിറക്കി. അതിഥി തൊഴിലാളികൾ കോവിഡ്- 19 ജാഗ്രതാ പോർട്ടലിൽ (covid19jagrathapublicservicesadithiregitsrationenter detailssubmit) രജിസ്റ്റർ ചെയ്യണം.കോവിഡ്-19 ജാഗ്രതാ പോർട്ടലിൽ നൽകുന്ന വിവരം തൊഴിൽ വകുപ്പിന്റെ അതിഥി പോർട്ടലിലും ലഭ്യമാകുന്നതിനാവശ്യമായ നടപടി തൊഴിൽ വകുപ്പ് സ്വീകരിക്കും. തൊഴിലാളിയെത്തുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനം ക്വാറന്റീൻ സൗകര്യങ്ങൾ പരിശോധിച്ച് പോർട്ടലിൽ വിവരം രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാവും അനുമതി നൽകുക. തിരിച്ചെത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വാറന്റീനിൽ പോകണം. ക്വാറന്റീനിനായി വൃത്തിയും സുരക്ഷിതവുമായ കേന്ദ്രം കരാറുകാർ ഉറപ്പാക്കണം. കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാതെവരുന്ന തൊഴിലാളികൾ അഞ്ച് ദിവസത്തിനകം അന്റിജൻ ടെസ്റ്റിന് വിധേയരാകണം.

ഇതിന്റെ ചെലവ് കരാറുകാർ വഹിക്കണം. കരാറുകാർ മുഖേനയല്ലാതെ വരുന്ന തൊഴിലാളികൾ ക്വാറന്റീനും പരിശോധനയും സ്വന്തം ചെലവിൽ നടത്തണം. വിവിധ പദ്ധതികളിൽ സാങ്കേതിക സഹായത്തിനും കൺസൾട്ടൻസി സേവനങ്ങൾക്കും വരുന്നവർക്കുള്ള താമസസൗകര്യം കരാറുകാരൻ ഉറപ്പാക്കണം. ഇത്തരത്തിലെത്തുന്നവർ 96 മണിക്കൂറിനകം അന്റിജൻ/ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തിയിരിക്കണം.

തൊഴിലാളികൾക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ടെസ്റ്റ് നടത്തുകയും വിവരം ആരോഗ്യ വകുപ്പിന്റെ ദിശ-1056 നമ്പറിൽ അറിയിക്കുകയും വേണം. തിരികെയെത്തുന്നവർ ക്വാറന്റീൻ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും തൊഴിൽ വകുപ്പും ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

കോവിഡ് സ്ഥിരീകരിച്ചവരും രോഗലക്ഷണമില്ലാത്തവരുമായ അതിഥിതൊഴിലാളികളെ ജോലിക്കു നിയോഗിക്കാമെന്ന് സർക്കാർ. സുരക്ഷിതമായി വേർതിരിച്ച സ്ഥലങ്ങളിൽ എല്ലാ മുൻകരുതലുകളോടെയും അവരെ ജോലിക്കു നിയോഗിക്കാനാണ് അനുമതി നൽകിയത്. അവർ മറ്റു തൊഴിലാളികളുമായോ ജീവനക്കാരുമായോ സമ്പർക്കം പുലർത്താൻ പാടില്ല. കോവിഡ് നിരീക്ഷണകേന്ദ്രങ്ങൾക്കുള്ള മാർഗരേഖ പ്രകാരമാവണം അവർക്ക് താമസസൗകര്യവും ഭക്ഷണവും നൽകേണ്ടത്. അത്തരക്കാർ ഏതെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ദിശ 1056 നമ്പറുമായി ബന്ധപ്പെടണം.

സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും 14 ദിവസം നിരീക്ഷണത്തിൽ കഴിയുകയും വേണം. നിരീക്ഷണത്തിനുള്ള സ്ഥലമൊരുക്കേണ്ടത് കരാറുകാരന്റെ ചുമതലയാണ്.കോവിഡ് നിർണയ പരിശോധനാ സർട്ടിഫിക്കറ്റില്ലാതെ വരുന്ന തൊഴിലാളികൾ അഞ്ചാംദിവസം കരാറുകാരന്റെ ചെലവിൽ പരിശോധനയ്ക്കു വിധേയരാകണം.

സംസ്ഥാനത്ത് പ്രോജക്ട് കൺസൽട്ടൻസിയുടെയും മറ്റും ഭാഗമായി എത്തുന്ന സാങ്കേതികവിഭാഗം ജീവനക്കാരും ഉദ്യോഗസ്ഥരും സംസ്ഥാനത്തേക്കു പ്രവേശിക്കാൻ 96 മണിക്കൂർമുമ്പ് കോവിഡ് നിർണയം നടത്തിയിരുന്നുവെന്ന് ഉറപ്പാക്കണം. പിന്നീട് അക്കൂട്ടത്തിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമായാൽ പരിശോധന നടത്തുകയും അക്കാര്യം അധികൃതരെ അറിയിക്കുകയും വേണം.

കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും തൊഴിലാളികൾ തമ്മിൽ ശാരീരിക അകലം പാലിക്കണം. ജനങ്ങളുമായി ഇടപഴകുന്ന സാഹചര്യമുണ്ടാകരുത്. കരാറുകാരന്റെ ഭാഗമായല്ലാതെ സ്വന്തംനിലയ്ക്ക് വരുന്ന അതിഥിതൊഴിലാളികൾ നിരീക്ഷണം, പരിശോധന തുടങ്ങിയ സർക്കാരിന്റെ മാർഗരേഖകൾ പാലിക്കണം. തൊഴിലാളികളെ എത്തിക്കുന്ന കരാറുകാർ ക്വാറന്റീൻ കേന്ദ്രം സംബന്ധിച്ച വിവരങ്ങളും രജിസ്റ്റർ ചെയ്യണം