കോഴിക്കോട്: ഖമറുന്നീറ അൻവറിന് ശേഷം മുസ്ലിം ലീഗ് നിയമസഭയിലേക്ക് മത്സരിപ്പിക്കുന്ന ഏക വനിത സ്ഥാനാർത്ഥിയാണ് ഇന്ന് കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച നൂർബീന റഷീദ്. വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ് നൂർബീന റഷീദ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെട്ട ഏക വനിത എന്നപ്രത്യേകതയും നൂർബീന റഷീദിനുണ്ട്.

2018ലാണ് നൂർബീന റഷീദ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഇടംപിടിച്ചത്. മുസ്ലിംലീഗിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഇടംനേടിയത്. വനിത കമ്മീഷൻ് മുൻ അംഗം കൂടിയായ നൂർബീന റഷീദിന്റെ പേര് മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയിൽ നേരത്തെ തന്നെ ഉയർന്ന് കേട്ടിരുന്നു. കാൽ നൂറ്റാണ്ടിന് ശേഷമാണ് മുസ്ലിം ലീഗിൽ നിന്നും ഒരു വനിത സ്ഥാനാർത്ഥി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കോഴിക്കോട് ബാറിലെ അറിയപ്പെടുന്ന അഭിഭാഷക കൂടിയായ നൂർബീന റഷീദ് പലപ്പോഴും വിവാദങ്ങളിൽ ചെന്ന് ചാടിയിരുന്നു.

സംസ്ഥാനത്ത് കോവിഡ് കൊടുമ്പിരികൊണ്ട കാലത്ത് മകന്റെ വിവാഹം നടത്തിയാണ് ഏറ്റവും ഒടുവിൽ നൂർബീന റഷീദ് വിവാദങ്ങളിൽ നിറഞ്ഞത്. അമേരിക്കയിലെ ഹൂസ്റ്റണിൽ നിന്നും വന്ന മകന്റെ നിക്കാഹ് ക്വാറന്റെയിൻ ലംഘിച്ചു നടത്തിയെന്നായിരുന്നു ആരോപണം. വിവാഹം നടത്തിയതിന് നൂർബീന റഷീദിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. രാത്രി സമരങ്ങളിൽ വനിതകൾ പങ്കെടുക്കേണ്ടതില്ല എന്ന പറഞ്ഞുകൊണ്ടുള്ള നൂർബീന റഷീദിന്റെ ശബ്ദസന്ദേശവും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. പൗരത്വ പ്രക്ഷോഭ സമരങ്ങളിൽ ഷഹീൻബാഗ് മാതൃകയിൽ സ്ത്രീകളെ ഉൾപ്പെടുത്തി നടത്തുന്നതിനെതിരെയായിരുന്നു അന്ന് വാട്സ് ആപ്പ് ഗ്രൂപ്പിൽ നൂർബീന റഷീദ് സന്ദേശം അയച്ചത്. ഇത് പുറത്തായതോടെ വലിയ വിവാദങ്ങൾക്ക് വഴി വെച്ചു.

കോഴിക്കോട് സൗത്ത് മണ്ഡലത്തിലാണ് നൂർബീന റഷീദ് മത്സരിക്കുന്നത്. എൽഡിഎഫിൽ ഐഎൻഎലിനാണ് കോഴിക്കോട് സൗത്ത് സീറ്റ്.ഐഎൻഎൽ ദേശീയ സെക്രട്ടറി അഹമ്മദ് ദേവർകോവിലാണ് ഇവിടെ മത്സരിക്കുന്നത്. നിലവിലെ എംഎൽഎ മുസ്ലിം ലീഗിലെ എംകെ മുനീർ കൊടുവള്ളിയിലാണ് ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയായി മുസ്ലിം ലീഗ് ജയിക്കുന്ന മണ്ഡലമാണ് കോഴിക്കോട് സൗത്ത്. എന്നാൽ കോഴിക്കോട് ജില്ലയിൽ ഇത്തവണ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോട് സൗത്ത്. ആദ്യ തെരഞ്ഞെടുപ്പിൽ 2000 വോട്ടിൽ താഴെയായിരുന്നു യുഡിഎഫ് ഭൂരിപക്ഷമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ അത് പതിനായിരത്തിലേറെ ആയിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനമാണ് മണ്ഡലത്തിൽ എൽഡിഎഫിന് പ്രതീക്ഷ നൽകുന്നത്.