തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് സ്‌കോളർഷിപ്പോടെ ഐസിറ്റി അക്കാദമി ഓഫ് കേരള നടത്തുന്ന നൂതന കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴിൽ സാധ്യതയുള്ള പുതുതലമുറ കോഴ്‌സുകളായ റോബോട്ടിക് പ്രോസസ് ഓട്ടമേഷൻ, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾസ്റ്റാക്ക് ഡെവലപ്പ്മെന്റ്, സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയർ ടെസ്റ്റിങ്, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആറുമാസമാണ് കോഴ്‌സ് കാലാവധി.

പ്രവേശന പരീക്ഷയിൽ മികച്ച പ്രകടനം കാഴ്‌ച്ച വെക്കുന്നവർക്ക് നോർക്ക റൂട്‌സിന്റെ 75 ശതമാനം സ്‌കോളർഷിപ്പും പഠന ശേഷം മുൻനിര ഐറ്റി കമ്പനിയായ ടിസിഎസ് അയോണിൽ 125 മണിക്കൂർ വെർച്വൽ ഇന്റേൺഷിപ്പ് ലഭിക്കും. കൂടാത, ലിങ്ക്ഡ് ഇൻ ലേണിങ് പ്ലാറ്റ്‌ഫോമിലെ 14000 ഓളം കോഴ്സുകൾ സൗജന്യമായി പഠിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ തൊഴിൽ മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് നൈപുണ്യശേഷി ആർജ്ജിക്കാൻ കഴിയും.

പ്ലേസ്മെന്റ് അസിസ്റ്റന്റ്, ഐഇഎൽറ്റിഎസ് അടിസ്ഥാന പരിശീലനം, ക്രോസ് കൾച്ചർ പരിശീലനം എന്നിവയും കോഴ്‌സിന്റെ ഭാഗമായി ലഭിക്കും. നികുതി കൂടാതെ, 19700 രൂപയാണ് കോഴ്‌സ് ഫീ. അപേക്ഷകൾ സെപ്റ്റംബർ 20 വരെ സമർപ്പിക്കാം. സെപ്റ്റംബർ 25 നാണ് പ്രവേശന പരീക്ഷ.കൂടുതൽ വിവരങ്ങൾക്ക് -7594051437,www.ictkerala.org.