മലപ്പുറം: സൗദിയിൽ നിൽക്കക്കള്ളി ഇല്ലാതായിട്ടും മലയാളികൾക്ക് നാട്ടിലേക്ക് തിരിച്ചുവരാനും മടി. നോർക്കയെ വിശ്വസിച്ച് നാട്ടിലെത്തിയ മലയാളികൾ വഴിയാധാരമായതോടെയാണ് സൗദിയിലെ മലയാളികൾക്ക് പെറ്റനാടും പേടി സ്വപ്‌നമായി മാറിയിരിക്കുന്നത്. നോർക്കയെ വിശ്വസിച്ച് സ്വദേശിവത്കരണം കർക്കശനമാക്കിയ സൗദി അറേബ്യയിൽ നിന്ന് എത്തി നിരവധി മലയാളികൾ വഴിയാധാരമായതാണ് നാടും പേടി സ്വപ്‌നമായത്.

2013 ജൂലായ് മുതൽ സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയിൽ വിശ്വസിച്ച് നാട്ടിൽ എത്തിയ 1,656 പേർക്ക് മാത്രമാണ് ഇതുവരെ നോർക്ക വാഗ്ദാനം ചെയ്ത സഹായം ലഭിച്ചത്. പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചത് മുപ്പതിനായിരത്തിലധികം പേരാണ്. എന്നാൽ ഈ നാലു വർഷത്തിനിടയിൽ 1,656 പേർക്ക് മാത്രമാണ് വാഗ്ദാനം ചെയ്ത സഹായം ലഭ്യമാക്കിയത്. അപേക്ഷകൾ തീർപ്പാക്കുന്നതിലെ അലംഭാവവും വായ്പ അനുവദിക്കുന്നതിൽ ബാങ്കുകളുടെ കാലതാമസവുമാണ് പദ്ധതി ഇഴയാൻ കാരണം.

പ്രവാസികൾക്ക് 20 ലക്ഷം രൂപ വരെ വായ്പയും തുകയുടെ 15 ശതമാനം സബ്‌സിഡിയും വാഗ്ദാനം ചെയ്യുന്നതാണ് നോർക്കയുടെ പുനരധിവാസ പദ്ധതി. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് നോർക്ക ബാങ്കുകൾക്ക് കൈമാറണം. പത്തര ശതമാനം പലിശയിൽ അഞ്ചുവർഷമാണ് തിരിച്ചടവ് കാലാവധി. വായ്പ തിരിച്ചടച്ചാലേ സബ്‌സിഡി തുക ലഭിക്കൂ. വ്യവസായം, അഗ്രി ബിസിനസ്, ടാക്‌സി സർവീസ്, സേവന മേഖലകളിലെ സംരംഭങ്ങൾക്കാണ് സഹായം.

സർവീസ് മേഖലയിൽ രണ്ടുലക്ഷം രൂപ വരെയും ഉത്പാദന മേഖലയിൽ പത്ത് ലക്ഷം രൂപ വരെയും ഈടില്ലാതെ വായ്പ ലഭിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നെങ്കിലും ബാങ്കുകൾ ഇതിന് തയ്യാറല്ല. ഈട് വാങ്ങുന്നതിനൊപ്പം ഉയർന്ന പലിശയാണ് ബാങ്കുകൾ ഈടാക്കുന്നത്. ഈടില്ലാത്തവരുടെ വായ്പാ അപേക്ഷ തീർപ്പാക്കാതെ നീട്ടിക്കൊണ്ടുപോവും.

അതേസമയം സ്വദേശി വത്കരണത്തിന്റെ ഭാഗമായി 20,000ത്തിലധികം സ്ഥാപനങ്ങൾക്ക് സൗദി അന്തിമ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സൗദി മവലയാളികൾക്കിടയിൽ ആശങ്ക പരത്തിയിരിക്കുകയാണ്. വനിതാസംവരണം നടപ്പാക്കാത്തതിന് മൂവായിരത്തിലധികം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയും തുടങ്ങി. ഇതേ തുടർന്ന് സ്‌പോൺസറുടെ കീഴിലല്ലാതെ തൊഴിൽ നോക്കുന്ന മലയാളികൾ പലരും ഒളിച്ചുതാമസിക്കുകയാണ്.