- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു; വയറിളക്കത്തെ തുടർന്ന് ചികിത്സ തേടിയത് 42 കുട്ടികൾ
തിരുവനന്തപുരം: വിഴിഞ്ഞത്ത് രണ്ട് കുട്ടികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. വയറിളക്കം വന്ന രണ്ടു കുട്ടികളുടെ സാമ്പിൾ പരിശോധിച്ചതിലാണ് വൈറസ് സ്ഥിരീകരിച്ചത്. വിഴിഞ്ഞത്തെ ഉച്ചക്കട എൽഎം എൽപിഎസ് സ്കൂളിലെ കുട്ടികളെയാണ് പരിശോധിച്ചത്.
തീരദേശ മേഖലയായ വിഴിഞ്ഞത്തെ സ്കൂളിൽ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു.
ഇതിൽ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. നിലവിൽ വയറിളക്കത്തെ തുടർന്ന് 42 കുട്ടികളാണ് ചികിത്സ തേടിയിട്ടുള്ളത്. കുട്ടികളുടെ ആരോഗ്യ സ്ഥിതി ത്യപ്തികരമാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചിു. വിഷയത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇന്ന് കൂടിക്കാഴ്ച നടത്തും.
അതേസമയം കായംകുളം ടൗൺ ഗവ സ്കൂളിൽ ഭക്ഷ്യവിഷബാധ ഉണ്ടായത് എങ്ങനെയെന്ന കാര്യത്തിൽ ആരോഗ്യ വകുപ്പ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അദ്ധ്യാപകർ ഉൾപ്പെടെ അഞ്ഞൂറിലധികം പേർ ഉച്ച ഭക്ഷണം കഴിച്ചപ്പോൾ 15 കുട്ടികൾക്ക് മാത്രമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഈ സാഹചര്യത്തിൽ കൂടുതൽ വ്യക്തതക്കായി വയറിളക്കം ബാധിച്ച 4 കുട്ടികളുടെ മലം പരിശോധനക്കായി ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്ക് അയച്ചു.
പ്രധാനമായും നോറോ വൈറസ് ബാധ ഉണ്ടാവുന്നത് ശുചിത്വമില്ലാത്ത ഭക്ഷണം, വെള്ളം, ശുചിത്വമില്ലാത്ത സാഹചര്യം എന്നിവയിലൂടെയാണ്. രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും അണുബാധയുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് അക്യൂട്ട് ഗ്യാസ്ട്രോഎൻട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കും. തുടർന്ന് 12 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.