ടോക്യോ: ലോകത്തെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിച്ചു. പ്രാദേശിക സമയം രാവിലെ 9.40ന് വടക്കൻ പ്യോംഗാഗിലെ ബാങ്കിയണിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ 930 കിലോമീറ്റർ താണ്ടി ജപ്പാന്റെ സാമ്പത്തിക മേഖലയിൽ പതിച്ചെന്ന് ജപ്പാന്റെ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിനെതിരെ ലോക രാജ്യങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പരീക്ഷിച്ച ദീർഘ ദൂര മിസൈലും വിജയകരമായിരുന്നുവെന്ന അവകാശവാദവുമായി ഉത്തരകൊറിയ രംഗത്ത് വന്നത്. പ്രത്യേക സാമ്പത്തിക മേഖലയിൽ പതിച്ച മിസൈൽ 930 കി.മീറ്റർ ദൂരത്തിൽ സഞ്ചരിച്ചതായും ഇതിന് ലോകത്ത് എവിടെയും എത്തിച്ചേരാനാവുമെന്നും ഇതുമായി ബന്ധപ്പെട്ടവർ അവകാശപ്പെട്ടു.

ജർമ്മനിയിലെ ഹാംബർഗിൽ ജൂലായ് ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന ജി.20 ഉച്ചകോടിയിൽ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തെ കുറിച്ച് പ്രത്യേകം ചർച്ച നടത്താനൊരുങ്ങുന്നതിനിടെയാണ് വീണ്ടും മിസൈൽ പരീക്ഷണ അവകാശ വാദവുമായി ഉത്തരകൊറിയ രംഗത്ത് വന്നത്. കൊറിയൻ സെൻട്രൽ ടെലിവിഷനിലൂടെയാണ് കിങ് ജോങ് ഉന്നിന്റെ നിർദേശ പ്രകാരം തങ്ങൾ വീണ്ടും മിസൈൽ പരീക്ഷിച്ചുവെന്നും അത് വിജയകരമായിരുന്നുവെന്നും അവകാശപ്പെട്ട് കൊണ്ട് ഉത്തരകൊറിയൻ പ്രതിരോധ മന്ത്രാലയം രംഗത്ത് വന്നത്.

ഉത്തര കൊറിയ ഈ വർഷം നടത്തുന്ന 11-ാം ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. ഇതു വരെ വിക്ഷേപിച്ചതിൽ നിന്ന് വ്യത്യസ്തമായി പ്രതിരോധ മിസൈലുകളായിരുന്നു പരീക്ഷിച്ചത്. കഴിഞ്ഞ മെയിൽ രണ്ട് മിസൈൽ പരീക്ഷണങ്ങൾ ഉത്തര കൊറിയ നടത്തിയിരുന്നു.