പ്യോങ്യാങ്:ഐക്യരാഷ്ട്രസഭയിൽ, ഉത്തരകൊറിയക്കെതിരെ ഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് കിം ജോങ് ഉൻ.ട്രംപിന്റെ ഭീഷണിക്ക് ബദലായി പസഫിക്ക് സമുദ്രത്തിൽ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തരകൊറിയയുടെ പരമോന്നത നേതാവ് മുന്നറിയിപ്പ് മുന്നറിയിപ്പ് നൽകി. സർക്കാർ മാധ്യമം വഴിയാണ് കിം ജോങ് ഉൻ ട്രംപിന് മറുപടി നൽകിയത്.

സ്വയം പ്രതിരോധത്തിന് വേണ്ടി ആവശ്യം വന്നാൽ ഉത്തരകൊറിയയെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ് യുഎന്നിലെ പ്രസംഗത്തിൽ കിമ്മിന് മുന്നറിയിപ്പ് നൽകിയിരുന്നു. ആത്മഹത്യാദൗത്യത്തിറങ്ങിയ റോക്കറ്റ്മനുഷ്യനാണ് കിമ്മെന്നും യുഎസ് പ്രസിഡന്റ് പരിഹസിച്ചിരുന്നു.മനോനില തെറ്റിയ ട്രംപിന്റെ പ്രസംഗം കേട്ടപ്പോൾ സ്വരക്ഷയ്ക്കായി ആണവായുധങ്ങൾ വികസിപ്പിച്ച ഉത്തരകൊറിയയുടെ നയം ശരിയാണെന്ന് തനിക്ക് ബോധ്യമായെന്നും കിം ജോങ് ഉൻ രാജ്യത്തോടുള്ള അഭിസംബോധനയിൽ പറഞ്ഞു.

യുഎസ് പ്രസിഡന്റിന്റെ ഭീഷണിക്ക് മറുപടിയായി പസിഫിക്ക് സമുദ്രത്തിൽ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രി റീ യോങ് ഹോ നേരത്തെ ന്യൂയോർക്കിൽ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ യുഎൻ പ്രസംഗത്തെ കുരയ്ക്കുന്ന നായയുടെ ശബ്ദം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.എന്നാൽ ഏതുതരത്തിലുള്ള പരീക്ഷണമാണ് പസഫിക്ക് സമുദ്രത്തിൽ നടത്തുകയെന്ന് അറിയില്ലെന്നും, തങ്ങളുടെ പരമോന്നത നേതാവായിരിക്കും അക്കാര്യം തീരുമാനിക്കുകയെന്നും റീ യോങ് ഹോ പറഞ്ഞു.

പസഫിക്കിലെ ഹൈഡ്രജൻ ബോംബ് പരീക്ഷണം വളരെ അപകടം പിടിച്ചതാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.ജപ്പാന്റെ മുകളിലൂടെ പസഫിക്ക് സമുദ്രത്തിലേക്ക് ഹൈഡ്രജൻ ബോംബ് തൊടുക്കാനാണ് കിമ്മിന്റെ പദ്ധതിയെങ്കിൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.നിലവിലെ സാഹചര്യത്തിൽ അത്തരമൊരു പരീക്ഷണം തടയാനുള്ള സാങ്കേതിക ശേഷി ജപ്പാൻ കൈവരിച്ചിട്ടില്ല.

പരീക്ഷണം പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന ആഘാതവും കനത്തതായിരിക്കും.ആണവ സംവിധാനം കപ്പൽ വഴി എത്തിച്ച് ഡിറ്റൊനേറ്റ് ചെയ്യുക എന്നതാണ് ഉത്തരകൊറിയയുടെ മുന്നിലുള്ള രണ്ടാമത്തെ വഴി. എന്നാൽ ഇത് തടയാൻ യുഎസിന് കഴിയുന്നതുകൊണ്ട് കിം ആ വഴി തെരഞ്ഞെടുക്കുമോയെന്ന് വ്യക്തമല്ല. എന്തായാലും കിം ജോങ് ഉൻ എന്തുതീരുമാനിക്കും എന്ന് മുൻകൂട്ടി അറിയാൻ നിർവ്വാഹമില്ലാത്തതാണ് ലോക രാഷ്ട്രങ്ങളെ കുഴക്കുന്നത്.ഈ മാസാദ്യവും ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചിരുന്നു.ഹിരോഷിമയിൽ യുഎസ് പരീക്ഷിച്ച ലിറ്റിൽ ബോയ് അണുബോംബിന്റെ എട്ടിരട്ടി സംഹാരശേഷിയാണ് ആ ബോംബിനുണ്ടായിരുന്നത്.