റോം: യുദ്ധഭീതി പരത്തി ഉത്തര കൊറിയയും യുഎസും നേർക്കുനേർ നിൽക്കെ, സമാധാന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ രംഗത്ത്. തുടർച്ചയായ അണു, മിസൈൽ പരീക്ഷണങ്ങളിലൂടെ ഉത്തര കൊറിയ പ്രകോപനം സൃഷ്ടിക്കുന്നതു തുടരുകയും, തിരിച്ചടിക്കാനൊരുങ്ങി യുഎസും സഖ്യരാജ്യങ്ങളും തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നതിനിടെയാണ് മാനവകുലത്തിന്റെ ഭാവിയെക്കരുതി പ്രശ്‌നപരിഹാരത്തിന് രാജ്യാന്തര സമൂഹം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ രംഗത്തെത്തിയത്.

നോർവെയേപ്പോലുള്ള രാജ്യങ്ങൾ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ എല്ലായ്‌പ്പോഴും തയാറാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. ഏതെങ്കിലും സാഹചര്യത്തിൽ സംഘർഷം മൂർച്ഛിക്കുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്താൽ, മനുഷ്യകുലത്തിലെ സിംഹഭാഗവും അതോടെ ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുമെന്ന് മാർപാപ്പ മുന്നറിയിപ്പു നൽകി. ഈജിപ്ത് സന്ദർശനത്തിനുശേഷം മടങ്ങവെ, വിമാനത്തിൽ മാധ്യമപ്രവർത്തകർക്ക് അനുവദിച്ച പതിവ് അഭിമുഖത്തിലാണ് മാർപാപ്പ ലോകത്തെ ഗ്രസിച്ചുനിൽക്കുന്ന വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.

മിസൈൽ പരീക്ഷണങ്ങൾക്കെതിരെ യുഎസ് ശക്തമായ താക്കീതു നൽകിയതു കണക്കിലെടുക്കാതെ ഇന്നലെ ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. എന്നാൽ തുടർച്ചയായ നാലാം വട്ടവും മിസൈൽ പരീക്ഷണം പരാജയപ്പെട്ടെന്നാണു റിപ്പോർട്ട്. യുഎൻ രക്ഷാസമിതി യോഗം സമാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾക്കു 'ദുരന്തപൂർണമായ പരിണതഫലം' ഉണ്ടാകുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പിനു തെല്ലും വിലകൽപ്പിക്കാതെയാണു ശനിയാഴ്ച ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ തന്നെ പരീക്ഷിച്ചത്.

ഉത്തരകൊറിയ ആണവ, മിസൈൽ പരീക്ഷണങ്ങളുമായി മുന്നോട്ടുപോയാൽ ട്രംപ് ഭരണകൂടം എന്തു നടപടിയും സ്വീകരിക്കാൻ മടിക്കുകയില്ലെന്നു റെക്‌സ് ടില്ലേഴ്‌സൺ യുഎൻ രക്ഷാസമിതിയിലും വെള്ളിയാഴ്ച മുന്നറിയിപ്പു നൽകിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തന്റെ ട്വിറ്റർ സന്ദേശത്തിൽ ഉത്തരകൊറിയയ്ക്കു ശക്തമായ താക്കീതു നൽകിയിരുന്നു. ഈ മേഖലയെ ഉത്തരകൊറിയ സംഘർഷഭൂമിയാക്കുന്നതിനെ ജപ്പാനും അപലപിച്ചു.