സോൾ: ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയതായി സംശയം. പരീക്ഷണത്തെ തുടർന്ന് ഉത്തര കൊറിയയിൽ റിക്ടർ സ്‌കെയിലിൽ 3.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ചൈനയിലെ ഭൗമശാസ്ത്രജ്ഞർ പറഞ്ഞു. എന്നാലിതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം, റിക്ടർ സ്‌കെയിലിൽ 3.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദക്ഷിണ കൊറിയ വ്യക്തമാക്കി. എന്നാലിത് സാധാരണ ഭൂചലനമാണെന്നാണ് പ്രാഥമിക നിഗമനമെന്നും ഭൗമശാസ്ത്രജ്ഞർ പറഞ്ഞു.

വടക്കൻ ഹംഗ്യോംഗ് പ്രവിശ്യയിൽ സ്ഥാപിച്ചിരുന്ന ഭൂകമ്പമാപിനിയിലാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. ഉത്തര കൊറിയയുടെ പൂഗ്ഗേരി ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പ്രാദേശിക സമയം രാവിലെ 8.30നാണ് ഭൂചലനം ഉണ്ടായത്. ഇതിന് മുന്പ് ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളെ തുടർന്നുണ്ടായ ഭൂചലനങ്ങളെല്ലാം റിക്ടർ സ്‌കെയിലിൽ 4.3ഉം അതിനു മുകളിൽ തീവ്രതയുമാണ് രേഖപ്പെടുത്തിയത്.

ഈ മാസം മൂന്നിനാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ചുകൊണ്ട് ഉത്തര കൊറിയ അത്യുഗ്ര ശേഷിയുള്ള ആണവ പരീക്ഷണം നടത്തിയത്. വൻ പ്രഹരശേഷിയുള്ള 50 - 60 കിലോ ടൺ ഹൈഡ്രജൻ ബോംബായിരുന്നു ഭൂഗർഭത്തിൽ പരീക്ഷിച്ചത്. ആണവസ്‌ഫോടനത്തിന്റെ ഫലമായി റിക്ടർ സ്‌കെയിലിൽ 6.3 തീവ്രതയുള്ള ഭൂകമ്പവും ഉണ്ടായിരുന്നു. ഇതിന് ശേഷം തുടർ ചലനവും ഉണ്ടായിരുന്നു.

ഇത് ആറാം തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത്. നേരത്തെ ആണവ പരീക്ഷണങ്ങൾ നടത്തിയതിനെ തുടർന്ന് അമേരിക്കയും ഐക്യരാഷ്ട്ര സഭയും കൊറിയയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഉത്തര കൊറിയയ്ക്ക് നൽകുന്ന എണ്ണ ഇറക്കുമതിയിൽ കുറവ് വരുത്താൻ ചൈന ഇന്ന് തീരുമാനിച്ചിരുന്നു. ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയതോടെ കൂടുതൽ ഉപരോധങ്ങൾ യു.എൻ ഏർപ്പെടുത്താനാണ് സാദ്ധ്യത.