- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരകൊറിയയിൽ കടുത്ത ഭക്ഷ്യക്ഷാമം: ഒരു കിലോ വാഴപ്പഴത്തിന് 3335 രൂപ; ഒരു പാക്കറ്റ് കാപ്പിക്ക് 7,414; വളം നിർമ്മാണത്തിന് കർഷകർ മൂത്രം നൽകാൻ നിർദ്ദേശം
സോൾ: ഉത്തര കൊറിയയിൽ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഒരു കിലോ വാഴപ്പഴത്തിന് 45 ഡോളറാണ് (ഏകദേശം 3,335 രൂപ). ഒരു പാക്കറ്റ് ബ്ലാക്ക് ടീക്ക് 70 ഡോളറും (5,190 രൂപയോളം) ഒരു പാക്കറ്റ് കാപ്പിക്ക് 100 ഡോളറും (7,414 രൂപയോളം) ആണ് രാജ്യതലസ്ഥാനമായ പ്യാങ്യാങ്ങിൽ വില.
രാജ്യത്തെ ഭരണകക്ഷിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉൻ ഭക്ഷ്യക്ഷാമത്തെ കുറിച്ച് ആശങ്ക അറിയിച്ചതായി വാർത്താ ഏജൻസിയായ കെ.സി.എൻ.എ അറിയിച്ചു.
കഴിഞ്ഞ വർഷം ചുഴലിക്കാറ്റിനെ തുടർന്നു വൻ കൃഷി നാശമുണ്ടാകുകയും ധാന്യ ഉത്പാദനം അമ്പേ തകിടം മറിഞ്ഞെന്നും കടുത്ത ക്ഷാമം നേരിടുന്നതായും കിം പറഞ്ഞു.
വളം നിർമ്മാണത്തിനായി കർഷകരോട് പ്രതിദിനം രണ്ട് ലിറ്റർ മൂത്രം വീതം നൽകാൻ നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.
ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ യോഗത്തിൽ കിം പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. അതേ സമയം കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അതിർത്തികൾ അടച്ചിട്ടതിനാൽ ഉത്തരകൊറിയ പ്രതിസന്ധിയിൽ നിന്ന് എങ്ങനെ മറികടക്കുമെന്നതിന് വ്യക്തതയില്ല.
യുഎൻ ഭക്ഷ്യ-കാർഷിക സംഘടനയുടെ സമീപകാല റിപ്പോർട്ടനുസരിച്ച് ഉത്തരകൊറിയയ്ക്ക് 8,60,000 ടൺ ഭക്ഷ്യ വസ്തുക്കളുടെ കുറവുണ്ട്.
ഇതുവരെ ഒരു കോവിഡ് കേസും ഉത്തരകൊറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കർശനമായി ഏർപ്പെടുത്തിയിട്ടുണ്ട് രാജ്യത്ത്. അതിർത്തികൾ അടയ്ക്കൽ, ആഭ്യന്തര വിമാന യാത്രാവിലക്ക് തുടങ്ങിയ നിയന്ത്രണങ്ങൾ ഉത്തരകൊറിയയിലുണ്ട്.
രാജ്യത്ത് ഉത്പാദനമില്ലാത്ത ഭക്ഷ്യവസ്തുക്കൾ, വളം, ഇന്ധനം തുടങ്ങിയവയ്ക്ക് ചൈനയെ ആണ് ഉത്തര കൊറിയ ആശ്രയിക്കാറുള്ളത്. മറ്റുള്ള രാജ്യങ്ങളുമായി ഉത്തരകൊറിയയ്ക്ക് കാര്യമായ ബന്ധങ്ങളൊന്നുമില്ല. ചൈനയുമായുള്ള വ്യാപാര ബന്ധം അടുത്തിടെ മന്ദഗതിയിലുമാണ്.
കഴിഞ്ഞ വേനൽക്കാലത്ത് രാജ്യത്ത് ഉണ്ടായ കൊടുങ്കാറ്റ് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. ആയിരക്കണക്കിന് വീടുകളും കൃഷിസ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. 1990 കളിൽ ഉത്തരകൊറിയയിലുണ്ടായ ഭക്ഷ്യക്ഷാമത്തിൽ ആയിരങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു.
ന്യൂസ് ഡെസ്ക്