പോംഗ്യാംഗ്: ഉത്തര കൊറിയ വിക്ഷേപിച്ച മിസൈൽ അബദ്ധത്തിൽ അവരുടെ തന്നെ നഗരത്തിൽ പതിച്ചതായി സൂചന. വിക്ഷേപിച്ച് മിനിട്ടുകൾക്കകം അവരുടെ തന്നെ നഗരമായ ടോക്‌ച്ചോണിൽ പതിച്ചതായാണ് വിവരം. ഉത്തര കൊറിയയുടെ തലസ്ഥാനമായ പോംഗ്യാംഗിന് 90 മൈൽ ദൂരെയാണ് ഇത് പതിച്ചത്.

അമേരിക്കയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഗരപ്രാന്തത്തിലുള്ള വ്യവസായ മേഖലയിലോ, കാർഷിക പ്രദേശത്തോ ആയിരിക്കാം മിസൈൽ പതിച്ചിട്ടുണ്ടാവുക എന്ന് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. സാറ്റലൈറ്റ് ദൃശ്യങ്ങൾ ഇതാണ് സൂചിപ്പിക്കുന്നതെന്ന് അവർ വ്യക്തമാക്കി.

പുക്കാംഗ് എയർ ഫീൽഡിൽ നിന്നും വിക്ഷേപിച്ച മിസൈൽ, 24 മൈൽ ദൂരത്തോളം സഞ്ചരിച്ചതിനു ശേഷമാണ് നിലം പതിച്ചത്. എഞ്ചിൻ തകരാറാകാം അപകട കാരണമെന്നും അമേരിക്കൻ വൃത്തങ്ങൾ പറയുന്നു. അതേസമയം, മിസൈൽ പതനം സംബന്ധിച്ച് ഉത്തര കൊറിയയുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.