റാലേ, നോർത്ത് കരോലിന: നോർത്ത് കരോലിന മാർത്തോമാ ഇടവകയുടെ സ്വന്തമായി ഒരു ആരാധനാലയം എന്ന ചിരകാല സ്വപ്നം കഴിഞ്ഞ പത്തുമാസത്തെ കഠിനാധ്വാനത്തിന്റേയും ചിട്ടയായ പ്രവർത്തനത്താലും വിശ്വാസികളുടെ പ്രാർത്ഥനയാലും പൂവണിഞ്ഞു. കഴിഞ്ഞ പത്തുവർഷമായി ഒരു ആരാധനാ സമൂഹമായി കഴിഞ്ഞിരുന്ന ഇടവക ജനങ്ങൾക്ക് നേരത്തെ തന്നെ ലഭിച്ച ഒരു ക്രിസ്തുമസ് സമ്മാനമാണ് ഈ ദേവാലയം എന്നതിൽ സംശയമില്ല.

റാലെ നഗരത്തിന്റെ മധ്യഭാഗത്തായി കേവലം 30 മിനിറ്റുകൊണ്ട് സമീപ സ്ഥലങ്ങളിൽ നിന്ന് എത്തിച്ചേരാവുന്ന വിധത്തിൽ ഐ -440 എക്‌സിറ്റ് 13എ -ൽ നിന്നും ഒരു മൈൽ ദൂരത്തിനുള്ളിൽ മിൽബെർനി റോഡിലാണ് ഈ ദേവാലയ സമുച്ചയം സ്ഥിതിചെയ്യുന്നത്. വെർജീനിയയ്ക്കും അറ്റ്‌ലാന്റയ്ക്കും മധ്യത്തിലായുള്ള നോർത്ത് കരോലിനയിൽ മാർത്തോമാ സഭ സ്വന്തമാക്കുന്ന ആദ്യ ദേവാലയം ആയിരിക്കുമിത്.

ചുട്ട ഇഷ്ടികയാൽ നിർമ്മിതമായ ഭംഗിയായ ഈ ദേവാലയത്തിനു ഏഴു വർഷം മാത്രമേ പഴക്കമുള്ളൂ. 4500 സ്‌ക്വയർഫീറ്റിൽ വിസ്തൃതിയുള്ള കെട്ടിടത്തിൽ 200 പേർക്ക് ആരാധന നടത്തുന്നതിനും ക്ലാസ് റൂമുകൾക്കും ഫെല്ലോഷിപ്പ് ഹാളിനുമുള്ള സൗകര്യമുണ്ട്. കേവലം 40 കുടുംബങ്ങൾ മാത്രമുള്ള ഇടവയ്ക്ക് എന്തുകൊണ്ടും അഭിമാനിക്കാവുന്ന ഒരു ചരിത്ര നേട്ടമാണ് ഈ ദേവാലയം. 2773 മിൽബെർനി റോഡ്, റാലേ, നോർത്ത് കരോലിന, 27610 എന്നതാണ് പള്ളിയുടെ വിലാസം.

മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ഭാഗമാണ് നോർത്ത് കരോലിന മാർത്തോമാ ഇടവക. ഈ ഇടവകയുടെ ഇത്തരത്തിലുള്ള വളർച്ചയ്ക്ക് വികാരി റെനു ജോൺ അച്ചന്റെ മികച്ച നേതൃത്വവും കർമ്മധീരതയും വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ദേവാലയം വാങ്ങുന്നതിനായുള്ള ശ്രമങ്ങൾ ത്വരിതഗതിയിലാകുന്നത് തോമസ് ജോൺ നേതൃത്വം ഏറ്റെടുത്തതോടെയാണ്. മികച്ച സംഘടനാ പാടവം കൈമുതലായുള്ള അദ്ദേഹത്തിന്റെ ക്ഷമയോടും ചിട്ടയോടും സഹിഷ്ണുതയോടുമുള്ള സമീപനമാണ് ഇടവകയെ വിജയത്തിലെത്തിച്ചത്.

ഇടവകയിലെ സഹകരിച്ച സ്‌നേഹനിധികളായ എല്ലാ ജനങ്ങളുടേയും പ്രാർത്ഥനാപൂർണ്ണമായ സഹകരണത്തിനു വികാരി റെനു ജോൺ അച്ചനും, സെക്രട്ടറി വർഗീസ് ജോൺ പാലമൂട്ടിലും ട്രസ്റ്റിമാരായ ജെബി ജോണും, റെജി ഫിലിപ്പും നന്ദി രേഖപ്പെടുത്തി. പ്രതിസന്ധിയുടെ മധ്യത്തിലും തളരാതെ നിന്ന്, ദൈവകൃപയിൽ മാത്രം വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്ത ഇടവക ജനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. മെത്രാപ്പൊലീത്തയുടേയും ഭദ്രാസന എപ്പിസ്‌കോപ്പയുടേയും മാർഗനിർദേശങ്ങൾക്ക് ഇടവക എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു.

ഇടവകയുടെ ധനശേഖരണത്തിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന റാഫിൾ ടിക്കറ്റ് എടുത്ത് എല്ലാവരും സഹകരിക്കണമെന്ന് ട്രസ്റ്റിമാരായ ജോബി ജോണും (585 284 9841), റെജി ഫിലിപ്പും (919 561 1915) അഭ്യർത്ഥിക്കുന്നു. സംഭാവന നൽകുവാൻ ആഗ്രഹിക്കുന്നവർ വികാരി റെനി ജോൺ അച്ചനുമായി (919 699 3614) ബന്ധപ്പെടുക.