- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോളി മാത്രം മുന്നിൽ നിൽക്കേ പന്ത് പുറത്തേക്കടിച്ചു; നഷ്ടപ്പെടുത്തിയത് ഗോളെന്ന് ഉറപ്പിച്ച രണ്ടു സുവർണാവസരങ്ങൾ; നോർത്ത് ഈസ്റ്റിനെതിരേ ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില
ഫത്തോർഡ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോൾരഹിത സമനിലയിൽ. ഗോളെന്ന് ഉറപ്പിച്ച രണ്ട് സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഗോൾരഹിത സമനില വഴങ്ങിയത്.
ആക്രമണത്തിലും മുന്നേറ്റത്തിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫിനിഷിംഗിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിനെ ചതിച്ചത്. ആദ്യ പകുതിയിൽ ജോർജെ ഡയസും രണ്ടാം പകുതിയിൽ സഹൽ അബ്ദുൾ സമദും നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ സുഭാശിഷ് റോയ് മാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണ അവസരങ്ങൾ പുറത്തേക്ക് അടിച്ചു കളഞ്ഞ് നഷ്ടമാക്കി.
ആദ്യ പകുതിതിയിൽ തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. അഡ്രിയാൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ് നടത്തിയ മുന്നേറ്റങ്ങൾ തടഞ്ഞിടാൻ നോർത്ത് ഈസ്റ്റ് പ്രതിരോധം നന്നേ പാടുപെട്ടു. മറുവശത്ത് ഇടതു വിംഗിൽ വി പി സുഹൈറായിരുന്നു നോർത്ത് ഈസ്റ്റിന്റെ ചാലകശക്തി. സുഹൈറിലൂടെ നോർത്ത് ഈസ്റ്റ് പലതവണ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിൽ പന്തെത്തിച്ചെങ്കിലും വലിയ അപകടം സൃഷ്ടിക്കാൻ അതിനായില്ല.
36-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് ആദ്യ മികച്ച ഗോളവസരം ലഭിക്കുന്നത്. നോർത്ത് ഈസ്റ്റ് താരം ലാക്രയുടെ പിഴവിൽ നിന്ന് പന്ത് ലഭിച്ച ജോർജ് പെരെയ്‌ര ഡിയാസ് ബോക്സിലുണ്ടായിരുന്ന ഒരു ഡിഫൻഡറെ മറികടന്ന് മുന്നിൽ കയറിയെങ്കിലും ഗോളി മാത്രം മുന്നിൽ നിൽക്കേ പന്ത് പുറത്തേക്കടിച്ച് കളയുകയായിരുന്നു.
തുടർന്ന് 51-ാം മിനിറ്റിൽ മത്സരത്തിലെ തന്നെ സുവർണാവസരം സഹൽ തുലച്ചുകളഞ്ഞു. വിൻസി ബാരെറ്റോയുടെ ഒരു മുന്നേറ്റമാണ് കേരളത്തിന് മികച്ച അവസരമൊരുക്കിയത്. പന്തുമായി മുന്നേറിയ വിൻസി ഗോളി മാത്രം മുന്നിൽ നിൽക്കേ പന്ത് സഹലിന് മറിച്ചു. പന്ത് വലയിലേക്ക് ഒന്ന് വഴിതിരിച്ചുവിടേണ്ട കാര്യമേ സഹലിനുണ്ടായിരുന്നുള്ളൂ. പക്ഷേ താരത്തിന്റെ ഷോട്ട് പോയത് പുറത്തേക്ക്.
83-ാം മിനിറ്റിൽ നിഷു കുമാർ ക്രോസ് ചെയ്ത പന്തിൽ നിന്നുള്ള അൽവാരോ വാസ്‌ക്വസിന്റെ ഹെഡർ രക്ഷപ്പെടുത്തി സുഭാശിശ് റോയ് നോർത്ത് ഈസ്റ്റിന്റെ രക്ഷകനായി. ഇൻജുറി ടൈമിൽ വാസ്വസിന്റെ ഒരു ഷോട്ട് പോസ്റ്റിനെ മുട്ടിയുരുമ്മിയാണ് പുറത്തേക്ക് പോയത്.