ഡബ്ലിൻ: ഇന്ന് ബ്രിട്ടൻ സാക്ഷ്യം വഹിക്കാൻ പോകുന്നത് ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനത്തിനായിരിക്കും. അന്തരീക്ഷ താപനില 31 ഡിഗ്രിവരെയായി ഉയരുന്നതോടെ ബീച്ചുകളിലും പാർക്കുകളിലും അഭൂതമായ തിരക്കാണ് പ്രതീക്ഷിക്കുന്നത്. അതേസമയം നോർത്തേൺ അയർലൻഡിൽ ഇന്നലെയായിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ടത്. ബാലിവാറ്റികൊക്കിൽ ഇന്നലെ രേഖപ്പെടുത്തിയത് 31.2 ഡിഗ്രി താപനിലയായിരുന്നു. ഇതിനു മുൻപ് രേഖപ്പെടുത്തിയ കൂടിയ താപനില ജൂലായ് 12 നും ജൂൺ 30 നും രേഖപ്പെടുത്തിയ 30.8 ഡിഗ്രിയായിരുന്നു.

യോർക്ക്ഷയർ, മിഡ്ലാൻഡ്സ്, ബ്രിസ്റ്റോൾ തുടങ്ങിയ ഇടങ്ങളിൽ നാളെ താപനില 33 ഡിഗ്രി വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. കേരളത്തിന്റെ പല ഭാഗങ്ങളെയും അപേക്ഷിച്ച് ഇത് അത്ര വലിയ താപനിലയൊന്നുമല്ലെങ്കിലും, ഹ്യൂമിഡിറ്റിയിൽ ഉണ്ടാകുന്ന വ്യത്യസം മൂലം ബ്രിട്ടനിൽ ഈ താപനിലയിൽ തന്നെ ചൂട് അസഹ്യമായി തീരും. വടക്കൻ അറ്റ്ലാന്റികിൽ നിന്നെത്തുന്ന ഉഷ്ണവായു പ്രവാഹമണ് ഇപ്പോൾ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരാൻ കാരണമായത്. കടുത്ത ചൂടിനെതിരെ ജാഗ്രതാ നിർദ്ദേശവും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

തിങ്കളാഴ്‌ച്ച വരെ ഈ ചൂട് നിലനിൽക്കും. തിങ്കളാഴ്‌ച്ചയോടെ കനത്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നു. ഇന്നലെ തെന്നെ തെളിഞ്ഞ ആകാശം കാണപ്പെടുകയും താപനിലയിൽ വർദ്ധനവ് ഉണ്ടാകുകയും ചെയ്തതോടെ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും ജനക്കൂട്ടം ഒഴുകിയെത്തി. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ കനത്ത ചൂടുള്ള കാലാവസ്ഥ ബ്രിട്ടനിൽ അനുഭവപ്പെടുമെന്നും അത് ഏതാനും നാളുകൾ നീണ്ടുനിൽക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. എന്നാൽ ഇതുവരെ രേഖപ്പെടുത്തിയ 2019 ജൂൺ 25 ലെ 38.7 ഡിഗ്രി എന്ന താപനിലയിലേക്ക് എത്താനുള്ള സാദ്ധ്യത വളരെ കുറവാണ്.

ചൂടുകൂടിയതോടെ പൊതുജനം തെരുവിലിറങ്ങി. ഇതോടെ പലയിടങ്ങളിലും വൻ ഗതാഗത കുരുക്ക് ഉണ്ടായി എം 5 ൽ ബ്രിസ്റ്റോളിൽ നിന്നും തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുരുക്കിൽ പെട്ട് വലഞ്ഞത്. നഗരത്തിലെ ബീച്ചുകളിലേക്ക് ജനക്കൂട്ടം ഒഴുകിയെത്തിയതോടെ ബേൺമൗത്തിലും വൻ ഗതഗത കുരുക്ക് അനുഭവപ്പെട്ടു. എം 11 ൽ ഇരുഭാഗത്തേക്കും മണിക്കൂറുകളോളം വാഹനങ്ങൾക്ക് കെട്ടിക്കിടക്കേണ്ടതായി വന്നു. ഇതിനിടയിൽ ഉണ്ടായ ഒരു വഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.

ഈ വർഷം വേനൽക്കാലം ഇതുവരെ അതിന്റെ പാരമ്യതയിൽ എത്തിയിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ അത് സംഭവിക്കും എന്നാണ് മെറ്റ് ഓഫീസിലെ സൈമൺ പാട്രിഡ്ജ് പറയുന്നത്. ഇതുവരെ ശരാശരിക്കും താഴെയായിരുന്നു അന്തരീക്ഷ താപനില. എന്നാൽ കാര്യങ്ങൾ ഉടനെ മാറിമറയുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനെ പൊതുവെ ഇത് ബാധിക്കുമെങ്കിലും സ്‌കോട്ട്ലാൻഡിലും നോർത്തേൺ അയർലൻഡിലുമായിരിക്കും ഇത് കൂടുതൽ അനുഭവപ്പെടുക എന്നും സൈമൺ പറഞ്ഞു.