ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിൽ ഇനി മുതൽ ഗർഭഛിദ്രം നടത്തുന്നത് കുറ്റകരമല്ല. ഇതുസംബന്ധിച്ച ബിൽ കഴിഞ്ഞ ദിവസം പാർലമെന്റിൽ പാസാക്കി. നാലു വോട്ടുകൾക്കെതിരേ 20 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഗർഭഛിദ്ര ബിൽ പാസായത്. ഏറെ നേരം നീണ്ടുനിന്ന വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ബിൽ പാസാക്കിയത്. ഗർഭഛിദ്ര നിയമം പാസാക്കിയതോടെ എസിടി, വിക്ടോറിയ, ടാസ്മാനിയ എന്നീ സംസ്ഥാനങ്ങൾക്കൊപ്പം നോർത്തേൺ ടെറിട്ടറിയും സ്ഥാനം പിടിച്ചു. അതേസമയം ന്യൂസൗത്ത് വേൽസ്, ക്യൂൻസ്ലാൻഡ് എന്നിവിടങ്ങളിൽ ഇപ്പോഴും ഗർഭഛിദ്രം കുറ്റകരമാണ്.

ബിൽ പാസാക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് ഗർഭഛിദ്രം ക്രിമിനൽ കുറ്റകരമായി പരിഗണിച്ചിരുന്നു. അതേസമയം മെഡിക്കൽ സർവീസ് ആക്ട് പ്രകാരം 14 ആഴ്ച വരെ കുറ്റകരമായിരുന്നില്ല. 1974-ൽ പാസാക്കിയ നിയമം ഇതുവരെ റിവ്യൂ ചെയ്യുകയോ പുതുക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടു തന്നെ പുതിയ ബിൽ പാസായത് ചരിത്രപരമായ പ്രാധാന്യത്തോടെയാണ് ഏവരും നോക്കിക്കാണുന്നത്.

പുതിയ നിയമപ്രകാരം ആശുപത്രികളിൽ തന്നെയായിരിക്കണം അബോർഷൻ നടത്തേണ്ടത്. മികച്ച സൗകര്യങ്ങളുടെ അഭാവമുള്ള ക്ലിനിക്കുകളിൽ അബോർഷൻ നടത്താൻ പാടില്ലെന്നും നിയമത്തിൽ പറയുന്നു. എന്നാൽ ഉൾപ്രദേശങ്ങളിലുള്ള സ്ത്രീകൾക്ക് ഗർഭഛിദ്രം നടത്തുന്നതിനായി നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിക്കേണ്ട ഗതികേടാണ് ഇപ്പോൾ. നോർത്തേൺ ടെറിട്ടറിയിൽ ആശുപത്രികൾ കുറവായതിനാൽ ഡാർവിൻ, ആലീസ് സ്പ്രിങ്‌സ് എന്നിവിടങ്ങളിൽ എത്തി വേണം അബോർഷൻ നടത്താൻ. മാത്രമല്ല, അബോർഷൻ നടത്തുന്നതിന് മുമ്പ് രണ്ട് ഡോക്ടർമാർ ഇവരെ പരിശോധിക്കുകയും വേണം. അതിൽ ഒരാൾ ഗൈനക്കോളജിസ്റ്റും മറ്റൊരാൾ ഒബ്‌സ്റ്റസ്ട്രീഷ്യനും ആയിരിക്കണമെന്നാണ് നിബന്ധന.

അബോർഷൻ ഗുളികയായ RU486 ഉപയോഗിക്കുന്നത് കടുത്ത കുറ്റമായി കണ്ടിരുന്ന ഓസ്‌ട്രേലിയയിലെ ഒരേയൊരു സംസ്ഥാനമായിരുന്നു നോർത്തേൺ ടെറിട്ടറി.