ഓസ്ലോ: അന്ന് ക്രൗഞ്ച പക്ഷികൾക്ക് നേരെ വില്ലുകുലച്ച കാട്ടാളനോട് മാ നിഷാദാ എന്നു പറയുവാൻ മനസ്സിൽ കാരുണ്യം നിറച്ച ആദികവിയുണ്ടായിരുന്നു. ഇന്ന് മനുഷ്യർക്ക് നേരെ അമ്പുംവില്ലുമായി കാട്ടാളരെത്തുമ്പോൾ പക്ഷെ നാം നിശബ്ദരാവുകയാണോ? ആണെന്നു വേണ്ടിവരും പറയാൻ. കാരണം, നീണ്ട 34 മിനിറ്റാണ് ഒരു അക്രമി അമ്പും വില്ലുമായി തെരുവിലൂടെ ആളുകളെ എയ്തുവീഴ്‌ത്തി നടന്നു നീങ്ങിയത്. ഒരുപക്ഷെ തീർത്തും അവിശ്വസനീയമെന്ന് തോന്നാവുന്ന സംഭവം അരങ്ങേറിയത് നോർവേയിലെ കോംഗ്സ്ബെർഗ് നഗരത്തിലായിരുന്നു.

അമ്പും വില്ലുമേന്തി അക്രമി അഴിഞ്ഞാടിയപ്പോൾ പൊലിഞ്ഞത് അഞ്ചു ജീവനുകൾ. അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 34 മിനിറ്റുകളോളം തെരുവുകളിലൂടെ മുന്നിൽ കാണുന്നവർക്ക് നേരെ അമ്പെയ്ത് അഴിഞ്ഞാടിയ അക്രമിയെ അവസാനം പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമതത്തിലേക്ക് മതം മാറിയ ഒരു നോർവീജിയൻ പൗരനാണ് ഇയാൾ എന്നാണ് ടി വി 2 റിപ്പോർട്ട് ചെയ്തത്. ഇയാളുടെ പുറകിൽ തീവ്രവാദ സംഘടനകൾ ഏതെങ്കിലുമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

അക്രമസംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചുരുങ്ങിയത് അഞ്ചു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും കൂടിയേക്കാം. പ്രതിയെ അറസ്റ്റ് ചെയ്തതായും, ഒരാൾ മാത്രമാണ് സംഭവത്തിനു പിന്നിലെന്നും പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ, ഇതൊരു തീവ്രവാദ ആക്രമണമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് പൊലീസ് പറഞ്ഞത്. അക്കാര്യവും വിശദമായി അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

വൈകിട്ട് 6;15 ഓടെ പട്ടണത്തിലെ ഒരു സൂപ്പർമാർക്കറ്റിലേക്ക് അമ്പെയ്യാൻ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ചെറിയൊരു സംഘർഷത്തിനുശേഷമാണ് പൊലീസിന് ഇയാളെ കീഴടക്കാൻ കഴിഞ്ഞത്. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. കോംഗ്സ്ബെർഗ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് അക്രമങ്ങൾ നടന്നിരിക്കുന്നത്. അക്രമി നഗരത്തിലുടനീളം യാത്രചെയ്താണ് ഇത് ചെയ്തിരിക്കുന്നത്.

അക്രമത്തിൽ അമ്പും വില്ലും കൂടാതെ മറ്റേതെങ്കിലും ആയുധങ്ങൾ അക്രമി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും അന്വേഷണത്തിലുണ്ട്. ചിലയിടങ്ങളിൽ വെടിയൊച്ച കേട്ടിരുന്നതായി ചില സാക്ഷികൾ പറഞ്ഞിരുന്നു. മാത്രമല്ല, ചിലയിടങ്ങളിൽ അയാൾ കത്തിയുമായി അക്രമിക്കാൻ എത്തിയതായും വാർത്തകളുണ്ട്. ഇതിനോടകം തന്നെ നിരവധി സാക്ഷികളെ ചോദ്യം ചെയ്ത പൊലീസ്, അക്രമത്തിനു പുറകിൽ മറ്റൊരാൾ കൂടി ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നോർവീജിയൻ തലസ്ഥാനമായ ഓസ്ലോയിൽ നിന്നും തെക്ക് കിഴക്ക് 82 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന കൊംഗ്സ്ബെർഗ് താരതമ്യേന ശാന്തമായ ഒരു നഗരമാണ്. വെറും 28,000 ജനങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇതുപോലൊരു ചെറു നഗരത്തിൽ ഇത്രയും വലിയൊരു അക്രമം നടന്നത് എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. പൊതുവേ ശാന്തമായ നോർവേയിൽ അക്രമങ്ങൾ തീരെ കുറവാണ്, 2011 ജൂലായ് 22 ന് വലതുപക്ഷ തീവ്രവാദിയായ ആൻഡേഴ്സ് ബെഹ്റിങ് ബ്രീവിക്ക് ഓസ്ലോയിൽ നടത്തിയ ബോംബ് സ്ഫോടനമാണ് ഏറ്റവും ഒടുവിൽ നടന്ന പ്രധാന അക്രമ സംഭവം.

ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും 21 വർഷത്തെ തടവു ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. നോർവീജിയൻ നിയമങ്ങൾ അനുസരിച്ച് പരമാവധി ശിക്ഷയാണ് 21 വർഷം തടവ് എന്നത്. അതിനുശേഷവും ഇയാൾ പൊതുസമൂഹത്തിന് ഭീഷണിയാണെന്ന് ബോദ്ധ്യപ്പെട്ടാൽ തടവ് കാലാവധി നീട്ടിയേക്കാം. 77 പേരാണ് ഈ ബൊംബ് സ്ഫോടനത്തിൽ മരണമടഞ്ഞത്. പിന്നീട് 2019 ആഗസ്റ്റിൽ നവ നാസീ ഭീകരനായ ഫിലിപ് മാൻഷോസ് ഒരു മോസ്‌കിനകത്തേക്ക് വെടിയുതിർത്തെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല.