ഒസ്ലോ: ലോകത്ത് അമ്മമാർക്ക് ഏറ്റവും മെച്ചപ്പെട്ട ഇടം നോർവേയാണെന്ന് യുഎൻ. 179 രാജ്യങ്ങൾ അടങ്ങിയ പട്ടികയിൽ ഇന്ത്യയ്ക്ക് 140-ാം സ്ഥാനം മാത്രമാണുള്ളത്. സേവ് ദ ചിൽഡ്രൻ പ്രസിദ്ധീകരിച്ച മദേഴ്‌സ് ഇൻഡക്‌സ് പട്ടികയിലാണ് അമ്മമാർക്കുള്ള മെച്ചപ്പെട്ട സ്ഥലം നോർവേയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയ്ക്ക് പട്ടികയിൽ മുപ്പത്തിമൂന്നാം സ്ഥാനമേയുള്ളൂ. പട്ടികയിൽ 140-ാം സ്ഥാനത്തെത്തിയിരിക്കുന്ന ഇന്ത്യ സിംബാബ്വേ, ബംഗ്ലാദേശ്, ഇറാക്ക് എന്നീ രാജ്യങ്ങൾക്ക് പിന്നിലാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മുൻ വർഷങ്ങളിൽ മെച്ചപ്പെട്ട റാങ്ക് കരസ്ഥമാക്കിയിരുന്ന ഇന്ത്യ ഈ വർഷം പട്ടികയിൽ വീണ്ടും താഴേയ്ക്ക് പതിക്കുകയായിരുന്നു.

അഞ്ചു പ്രധാന വസ്തുതകൾ അടിസ്ഥാനപ്പെടുത്തിയാണ് സേവ് ദ ചിൽഡ്രൻ മദേഴ്‌സ് ഇൻഡെക്‌സ് തയാറാക്കുന്നത്. അമ്മമാരുടെ ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം, സമൂഹത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മദേഴ്‌സ് ഇൻഡക്‌സിന് ഉപോത്ബലമായി സ്വീകരിക്കുക. മുൻ വർഷം പട്ടികയിൽ 31-ാം സ്ഥാനത്തായിരുന്ന അമേരിക്ക ഇത്തവണ മുപ്പത്തിമൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. അമേരിക്കയ്ക്ക് മുന്നിൽ ജപ്പാൻ, പോളണ്ട്, ക്രൊയേഷ്യ എന്നിവ സ്ഥാനം പിടിച്ചു. അമേരിക്കയിൽ 1800 സ്ത്രീ ഒരാൾ എന്ന കണക്കിന് പ്രസവസമയത്ത് മരണം സംഭവിക്കാറുണ്ടെന്നതാണ് പട്ടികയിൽ പിന്നോക്കം പോകാൻ കാരണം. വികസിത രാജ്യങ്ങളിൽ ഈ കണക്ക് ഏറ്റവും മോശപ്പെട്ടതാണെന്ന് വിലയിരുത്തുന്നു.

പൊതുവേ മദേഴ്‌സ് ഇൻഡെക്‌സിൽ സ്‌കാൻഡിനേവിയൻ രാജ്യങ്ങളാണ് മുമ്പന്തിയിൽ എത്താറുള്ളത്. കഴിഞ്ഞ വർഷം ഫിൻലാൻഡ് ആയിരുന്നു പട്ടികയിൽ ഒന്നാമത്. ഇത്തവണ ഫിൻലാൻഡിനെ പിന്തള്ളിയാണ് നോർവേ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആദ്യത്തെ പത്തു രാജ്യങ്ങളിൽ ഓസ്ട്രിയ മാത്രമാണ് യൂറോപ്യൻ രാജ്യമല്ലാത്തത്. ഒമ്പതാം സ്ഥാനമാണ് ഓസ്ട്രിയയ്ക്കുള്ളത്. കാനഡയ്ക്ക് ഇരുപതാം സ്ഥാനവും ഫ്രാൻസിന് ഇരുപത്തിമൂന്നാം സ്ഥാനവും യുകെയ്ക്ക് ഇരുപത്തിനാലാം സ്ഥാനവുമാണ്.

അമ്മമാരെ സംബന്ധിച്ചിടത്തോളം സൊമാലിയയാണ് ഏറ്റവും മോശപ്പെട്ട സ്ഥലം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോയും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കും സൊമാലിയയ്ക്ക് തൊട്ടു മുകളിലുണ്ട്.